തിരുവനന്തപുരം
കാർഷിക ഗവേഷണം പൊതുമേഖലയിൽ നടന്നാലേ കർഷകർക്ക് പ്രയോജനമുണ്ടാകൂ എന്ന് അഖിലേന്ത്യ കിസാൻസഭ വൈസ് പ്രസിഡന്റ് എസ് രാമചന്ദ്രൻപിള്ള പറഞ്ഞു. ഗവേഷണങ്ങൾ കോർപറേറ്റുകളെ ഏൽപ്പിച്ച് കേന്ദ്രസർക്കാർ പിന്മാറുകയാണ്. സംസ്ഥാനത്തെ കാർഷിക സർവകലാശാലകളെയും അനുബന്ധ സ്ഥാപനങ്ങളെയും ഗവേഷണത്തിനായി ഉപയോഗിക്കണം. പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉൽപ്പാദനക്ഷമതയും ഉൽപ്പാദനവും വർധിപ്പിക്കണമെന്നും രാമചന്ദ്രൻപിള്ള പറഞ്ഞു. കേരള കർഷകസംഘം ഇ എം എസ് അക്കാദമിയിൽ സംഘടിപ്പിച്ച നവകേരള ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശാസ്ത്രീയ കൃഷിരീതികളും ചെറുകിട കൃഷിയിടങ്ങൾക്ക് അനുയോജ്യമായ പുതിയ യന്ത്രസാമഗ്രികളും ഉപയോഗപ്പെടുത്തിയേ പുതിയ തലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനാകൂ. ജൈവകൃഷിയാണ് എല്ലാത്തിനും പരിഹാരം എന്നത് അശാസ്ത്രീയ പ്രചാരണമാണ്. ആകെ ജൈവ കൃഷിയിലേക്ക് പോയ ശ്രീലങ്കയുടെ അനുഭവം ഓർക്കണം. രാസവളങ്ങളും കീടനാശിനികളും ശാസ്ത്രീയമായി ഉപയോഗിക്കണം.
കേരളത്തിലെ കൃഷിഭൂമിയുടെ 73 ശതമാനത്തിന്റെ ഉടമസ്ഥാവകാശം കൃഷി മുഖ്യ വരുമാനമാർഗമാക്കിയവർക്കല്ല. ഭൂരിപക്ഷവും ചെറുകൃഷിയിടങ്ങളുമാണ്. കടുംകൃഷി നടക്കുന്നില്ല. ഇവയ്ക്കെല്ലാം പരിഹാരം കാണാൻ സഹകരണ–- തദ്ദേശസ്ഥാപനങ്ങൾ ഇടപെടണം.
ഉൽപ്പാദനം, ഉൽപ്പാദനക്ഷമത, സംസ്കരണം, വിപണനം, മൂല്യവർധന എന്നിവയിലെല്ലാം സഹകരണ, വ്യവസായ മേഖലകളെ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ അധ്യക്ഷനായി.