നെയ്റോബി
കെനിയയുടെ പ്രസിഡന്റായി നിലവിലെ ഡെപ്യൂട്ടി പ്രസിഡന്റ് വില്യം റുതോ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫലപ്രഖ്യാപനത്തിനെതിരെ പ്രതിഷേധമുയര്‍ന്നു.
വില്യം റുതോവിന് 50.49 ശതമാനം വോട്ടും എതിരാളി റെയ്ല ഒഡിംഗയ്ക്ക് 48.85 ശതമാനം വോട്ടും കിട്ടിയെന്ന് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ ഇൻഡിപെൻഡന്റ് ഇലക്ടറൽ ആൻഡ് ബൗണ്ടറീസ് കമീഷൻ ചെയർമാൻ വഫുക ചെബുകറ്റി പ്രഖ്യാപിച്ചു. ഇതിന്റെ ആധികാരികത ചോദ്യംചെയ്ത് ചില തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങൾ രംഗത്തെത്തി.
വോട്ടെണ്ണലിൽ കൃത്രിമം നടന്നതായി റെയ്ല ഒഡിംഗയുടെ തെരഞ്ഞെടുപ്പ് ഏജന്റ് ആരോപിച്ചു. ഫലപ്രഖ്യാപനത്തിനിടെ നടന്ന സംഘർഷത്തിൽ രണ്ട് കമീഷൻ അംഗങ്ങൾക്ക് പരിക്കേറ്റു.