തിരുവനന്തപുരം
പാലക്കാട് മരുതറോഡിൽ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ആർഎസ്എസ്– ബിജെപി സംഘമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു. കൊലപാതകത്തിൽ ശക്തമായി പ്രതിഷേധിക്കുകയും കൊലയാളി സംഘങ്ങളെ ഒറ്റപ്പെടുത്തുകയും വേണം. സിപിഐ എം പ്രവർത്തകരെ അരിഞ്ഞുതള്ളി, നാട്ടിലാകെ വ്യാജപ്രചാരണം നടത്തുന്നത് ആർഎസ്എസ്– ബിജെപി പതിവു ശൈലിയാണ്. പാലക്കാട്ട് ഞായറാഴ്ച രാത്രി നടന്ന കൊലപാതകത്തിന്റെ പേരിലും ചില മാധ്യമങ്ങളുടെ സഹായത്തോടെ തെറ്റായ പ്രചാരണം അഴിച്ചുവിട്ടു.
ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാൻ ഷാജഹാന്റെ നേതൃത്വത്തിൽ ബോർഡ് വച്ചപ്പോൾ അത് മാറ്റി അതേ സ്ഥലത്തുതന്നെ ശ്രീകൃഷ്ണജയന്തിയുടെ ബോർഡ് വയ്ക്കാൻ ആർഎസ്എസ് സംഘം ശ്രമിച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു.
കൊല നടത്തിയവർ ആർഎസ്എസ്– ബിജെപി സജീവ പ്രവർത്തകരാണെന്ന് ആ നാട്ടുകാർക്കെല്ലാം അറിയാം. ഇവർക്ക് കഞ്ചാവ് മാഫിയയുമായും ക്രിമിനൽ സംഘങ്ങളുമായും ബന്ധമുണ്ട്. കൊല നടത്തിയ സംഘത്തിലെ മുഖ്യപ്രതികളെല്ലാം ഒട്ടേറെ മറ്റ് ക്രിമിനൽ കേസിലും പ്രതികളാണ്. ഇവരുടെ കഞ്ചാവ് വിൽപ്പനയടക്കമുള്ള ക്രിമിനൽ പ്രവർത്തനങ്ങളെ ഷാജഹാന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തതും തടയാൻ ശ്രമിച്ചതുമാണ് കൊല നടത്താനുള്ള പ്രേരണ. ഏതാനും നാളായി ആർഎസ്എസ്– ബിജെപി സംഘം ഈ പ്രദേശത്ത് നിരന്തരം പ്രശ്നങ്ങളുണ്ടാക്കുകയും അവസരം കാത്തിരിക്കുകയുമായിരുന്നു.
നിഷ്ഠുരമായി കൊല നടത്തിയിട്ടും അതിന്റെ പേരിൽ വ്യാജ പ്രചാരണം അഴിച്ചുവിടുന്നത് കൊടുംക്രൂരതയാണ്. കേരളത്തിൽമാത്രം ആറു വർഷത്തിനിടെ 17 സിപിഐ എം പ്രവർത്തകരെയാണ് ആർഎസ്എസ് ക്രിമിനൽ സംഘങ്ങൾ കൊലപ്പെടുത്തിയത്. ഓരോ കൊലപാതകത്തിനുശേഷവും മനുഷ്യത്വഹീനമായ പ്രചാരണം നടത്താനും രക്തസാക്ഷികളുടെ കുടുംബത്തെയടക്കം അപമാനിക്കാനും മടിയില്ലാത്തവരാണ് ഇക്കൂട്ടർ. സംഘപരിവാറിന്റെ കൊടിയ വർഗീയ രാഷ്ട്രീയത്തിന് കേരളത്തിൽ സിപിഐ എം ആണ് മുഖ്യതടസ്സമെന്ന് തിരിച്ചറിഞ്ഞാണ് നിരന്തരമായി പ്രവർത്തകരെ വേട്ടയാടുന്നത്. സംസ്ഥാനത്ത് പുലരുന്ന സമാധാനവും സ്വൈരജീവിതവും തകർത്ത് കലാപമുണ്ടാക്കലാണ് ആർഎസ്എസ് ലക്ഷ്യം. അക്രമികളെ ഒറ്റപ്പെടുത്തിയും ജനങ്ങളുടെ പിന്തുണയോടെ ജനാധിപത്യപരമായി പ്രതിഷേധിച്ചും ആർഎസ്എസ്– ബിജെപി ഭീഷണിയെ നേരിടും. എല്ലാ വ്യാജപ്രചാരണവും തിരിച്ചറിഞ്ഞ് ജനങ്ങൾ തള്ളിക്കളയുമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.