മലയാള നോവലിന് വേറിട്ടൊരു മുഖം നൽകിയ എഴുത്തുകാരനായിരുന്നു നാരായൻ.ഇന്ത്യൻ ഭാഷകളിൽ നോവലെഴുതിയ ആദ്യത്തെ ഗോത്ര സമുദായാംഗമാണ് നാരായൻ. ‘കൊച്ചരേത്തി’യിലൂടെ നാരായൻ വച്ച ഈ വലിയ ചുവടുവയ്പ്, കൊളോണിയൽ കാലത്ത് ‘ഇന്ദുലേഖ’ എഴുതി ചന്തുമേനോൻ നടത്തിയതിന് സമാനമാണ്. അടിമകളുടെ ഭാഷയിലുള്ള ആഖ്യാനമാണ് ഇവ രണ്ടും. വിമോചനത്തിന്റെ ഉദയസൂര്യനും.
കേരളത്തിലെ ഗോത്രസമൂഹമായ മലയരയരുടെ ജീവിതത്തെക്കുറിച്ച് ഗോത്രത്തിലുള്ള ഒരാൾ എഴുതിയ നോവലാണ് ഇത്. ‘ദി അരയ വുമൺ’ എന്ന പേരിൽ ഇംഗ്ലീഷിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് പ്രസിദ്ധീകരിച്ചു. വിവിധ രാജ്യത്തിൽ പാഠപുസ്തകവുമാണ് കൊച്ചരേത്തി. നമ്മുടെ ഗോത്രജീവിതം ഇത്രയേറെ പകർത്തിവച്ച മറ്റൊരു എഴുത്തുകാരനില്ല. അദ്ദേഹത്തിന്റെ നിര്യാണം മലയാളഭാഷയ്ക്കും കേരളസമൂഹത്തിനും ഉണ്ടാക്കുന്ന വിടവ് നികത്താൻ പുതിയ തലമുറയിൽനിന്ന് എഴുത്തുകാർ ഉണ്ടായിവരണം.