തൃശൂർ> അമ്മയെ തിന്നർ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. തൃശൂർ മുല്ലശ്ശേരിയിൽ മാനിനകുന്ന് വാഴപ്പിള്ളി ഉണ്ണികൃഷ്ണനെയാണ് (60) തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി എൻ വിനോദ് ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയും അടയക്കണം.
2020 മാർച്ച് മൂന്നിനാണ് സംഭവം. താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിച്ച സഹോദരിയെ, അമ്മ പോയി കണ്ടതിനാണ് ആക്രമണം. പ്രതി വീട്ടിൽ ഓട്ടോറിക്ഷ പെയിന്റടിക്കാൻ സൂക്ഷിച്ചിരുന്ന തിന്നർ ഒഴിച്ച് അമ്മ വളളിയമ്മയെ കത്തിക്കുകയായിരുന്നു. 78 വയസുള്ള വള്ളിയമ്മക്ക് 95 ശതമാനം പൊള്ളലേറ്റു. പിറ്റെ ദിവസം ആശുപത്രിയിൽവച്ചാണ് മരണം. കരച്ചിൽ കേട്ട് ഓടി വന്ന അയൽവാസിയോട് എന്റെ മകൻ ചതിച്ചു- എന്നു പറഞ്ഞിരുന്നു. അയൽവാസിയുടെ മൊഴിയിൽ പാവറട്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. പ്രതിക്ക് ജാമ്യം നൽകിയിരുന്നില്ല. തടവുകാരനായി പാർപ്പിച്ച് നടത്തിയ വിചാരണയിൽ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും മുഖ്യമായി. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ലിജി മധു, കെ ബി സുനിൽ കുമാർ ഹാജരായി.