പാലക്കാട്> സിപിഐ എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം കുന്നങ്കാട് ഷാജഹാന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട്. കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), നവീൻ (28), ശിവരാജൻ (25), സിദ്ധാർഥൻ (24), സുജീഷ് (27), സജീഷ് (35), വിഷ്ണു (25) എന്നിവരാണ് പ്രതികൾ. ബിജെപി പ്രവർത്തകരും അനുഭാവികളുമായ പ്രതികൾ രാഷ്ട്രീയ വൈരാഗ്യം കൊണ്ട് കൊല്ലണമെന്ന ഉദ്ദേശത്തോടെ ഷാജഹാനെ ആക്രമിക്കുകയായിരുന്നു.
ശനി രാത്രി 9.45 നാണ് ആക്രമണം നടന്നത്. ഒന്നാം പ്രതി ശബരീഷ് ഇടതു കൈയിലും തലയിലും രണ്ടാം പ്രതി അനീഷ് ഇടതുകാലിലും വെട്ടി. ഒന്നും രണ്ടും പ്രതികളാണ് വെട്ടിയതെന്നും താൻ അത് കണ്ടെന്നും ഷാജഹാന്റെ സുഹൃത്ത് സുരേഷ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മലമ്പുഴ സിഐ സിജോ വർഗീസിനാണ് അന്വേഷണച്ചുമതല. കൊലപാതകം, കുറ്റകരമായ കൂട്ടം കൂടൽ, മാരകായുധങ്ങൾ കൊണ്ടുള്ള ആക്രമണം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പ്രദേശത്ത് സ്ഥിരം ശല്യക്കാരായ ഇവർ വിവിധ കഞ്ചാവ്, ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഷാജഹാന്റെ വീടിന് സമീപത്തു തന്നെയാണ് പ്രതികളെല്ലാവരും താമസിക്കുന്നത്.
ഒന്നാം പ്രതി ശബരീഷ് ബിജെപി പ്രവർത്തകനാണ്. രണ്ടാം പ്രതി അനീഷ് ബിജെപി അനുഭാവിയുമാണ്. മറ്റുള്ളവർ അടുത്തകാലത്തായി ബിജെപിയുമായി അുടുത്ത ബന്ധം പുലർത്തുന്നവരുമാണ്. രക്ഷാബന്ധൻ ദിവസം എല്ലാവരും രാഖികെട്ടി ഷാജഹാനെ വധിക്കാൻ ഗൂഢാലോചന നടത്തുകയും ആയുധം സൂക്ഷിക്കുകയും ചെയ്തു. മദ്യം, കഞ്ചാവ് എന്നവയുടെ ഉപയോഗം പ്രദേശത്ത് വ്യാപിപ്പിക്കുന്നത് ഈ സംഘമാണ്. അത് ഷാജഹാൻ ചോദ്യം ചെയ്തു. അതാണ് വിരോധത്തിന് കാരണം.