പാലക്കാട് > ആർഎസ്എസ്സുകാർ വെട്ടിക്കൊലപ്പെടുത്തിയ സിപിഐ എം മരുതറോഡ് ലോക്കൽകമ്മിറ്റിയംഗം കുന്നങ്കാട്ട് ഷാജഹാന്റെ കൊലപാതകക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 20 അംഗ സംഘമാണ് അന്വേഷിക്കുക. അതേസമയം കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പ്രതികൾ പിടിയിലായതായി സൂചനയുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാാണ്. കേസിൽ എട്ട് പ്രതികളുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു.
ഷാജഹാന് നേരത്തേയും വധഭീഷണി ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീൻ എന്നിവർ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടു ദിവസം മുമ്പ് നവീൻ വെട്ടിക്കൊല്ലുമെന്ന് പറഞ്ഞു. ബിജെപിയുടെ ഉന്നത നേതാക്കളുടെ സഹായമില്ലാതെ കൊലപാതകം നടക്കില്ലെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്ഐആറിൽ പറയുന്നത്.പ്രതികളുടെ വിവരങ്ങളും പൊലിസ് ശേഖരിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനതലേന്ന് രാത്രി 9.15നാണ് ഷാജഹാനെ ആർഎസ്എസ് പ്രവർത്തകൾ വെട്ടിവീഴ്ത്തിയത്. സുഹൃത്ത് സുരേഷിനൊപ്പം നിൽക്കുമ്പോഴാണ് ബൈക്കിലെത്തിയ സുരേഷിന്റെ മകനടങ്ങുന്ന ആർഎസ്എസ് സംഘം വടി വാളുമായി ചാടി വീണത്. കാലിനും കഴുത്തിനും തലയ്ക്കും ആഴത്തിൽ മുറിവേറ്റു.കൊലയാളികളിൽ തന്റെ മകൻ സുരേഷും ഉണ്ടായിരുന്നതായി ദൃക്സാക്ഷിയായ സുരേഷ് വെളിപ്പെടുത്തിയിട്ടുണ്ട്. പ്രതികളെല്ലാം ആർഎസ്എസ് പ്രവർത്തകരാണെന്നും പരിചയക്കാരാണെന്നും സുരേഷ് പറഞ്ഞു.
ഷാജഹാന്റെ മൃതദേഹം പാർട്ടി ഓഫീസിലെയും വീട്ടിലെയും പൊതുദർശനത്തിന് ശേഷം ഇന്നലെ പകൽ മൂന്നോടെ വൻ ജനാവലിയുടെ സാനിധ്യത്തിൽ കല്ലേപ്പുള്ളി ജുമാ മസ്ജിദിൽ ഖബറടക്കി.ആദരാഞ്ജലിയർപ്പിക്കാൻ ഒഴുകിയെത്തിയത് ആയിരങ്ങളാണ്. മുദ്രാവാക്യം വിളികളോടെയാണ ഷാജഹാനെ നാട് യാത്രയാക്കിയത്.