ന്യൂഡൽഹി
തീവ്രമായ പോരാട്ടങ്ങളുടെയും മഹത്തായ ത്യാഗങ്ങളുടെയും ജ്വലിക്കുന്ന സ്മരണകളിൽ രാജ്യം 75–ാം സ്വാതന്ത്ര്യദിനം ആചരിക്കുന്നു. 1947 ആഗസ്ത് 14ന്റെ അർധരാത്രിയുടെ മണിമുഴക്കത്തിൽ പുതിയ ചരിത്രത്തിലേക്കും പ്രതീക്ഷകളിലേക്കും ചിറകടിച്ചുയർന്ന ഇന്ത്യ ഭാവിമുന്നേറ്റങ്ങൾക്ക് ഊർജം സംഭരിക്കുന്ന ദിനമാണ് ഇന്ന്. രാജ്യം വർധിതാവേശത്തോടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ തിങ്കളാഴ്ച രാവിലെ 7.30ന് ദേശീയ പതാക ഉയർത്തും. തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ രാജ്ഘട്ട് സന്ദർശിച്ചശേഷം ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിക്ക് മൂന്ന് സേനാവിഭാഗവും ചേർന്ന് ഗാർഡ് ഓഫ് ഓണർ നൽകും. പ്രമുഖ വ്യക്തിത്വങ്ങളടക്കം ഏഴായിരത്തോളം ആളുകൾ പങ്കെടുക്കും. ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. പതിനായിരത്തോളം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഹരിയാനയിലെ ജജ്ജറിൽ 6600 അടി നീളമുള്ള ദേശീയപതാക ഏന്തിയുള്ള ഘോഷയാത്ര നടന്നു. ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ 108 അടി ഉയരത്തിൽ പതാക ഉയർത്തി. കേരളവും സ്വതന്ത്ര്യദിനാഘോഷത്തിലാണ്. സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകും.
സിപിഐ എമ്മിന്റെ എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും രാവിലെ ഒമ്പതിന് പതാക ഉയർത്തും. തുടർന്ന് പാർടി പ്രവർത്തകർ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കും.
ആഘോഷ നിറവിൽ കേരളവും
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷ നിറവിൽ കേരളവും. സംസ്ഥാന സർക്കാരിന്റെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ‘ഹർ ഘർ തിരംഗ’ ക്യാമ്പയിൻ ഏറ്റെടുത്ത് വീടുകളിലും സ്ഥാപനങ്ങളിലും ശനിയാഴ്ച ദേശീയപതാക ഉയർത്തിയിരുന്നു. സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ളിടത്തെ ഔദ്യോഗിക കൊടിമരത്തിൽ തിങ്കൾ രാവിലെ പതാക ഉയർത്തും.
സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. തുടർന്ന് ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകും. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തും. നിയമസഭാങ്കണത്തിൽ സ്പീക്കർ എം ബി രാജേഷ് പതാക ഉയർത്തും. തുടർന്ന് മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്റു, ഡോ. ബി ആർ അംബേദ്കർ, കെ ആർ നാരായണൻ എന്നിവരുടെ പ്രതിമകളിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും.
സിപിഐ എമ്മിന്റെ എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും രാവിലെ ഒമ്പതിന് പതാക ഉയർത്തും. തുടർന്ന് പാർടി പ്രവർത്തകർ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞയെടുക്കും. എ കെ ജി സെന്ററിൽ മുതിർന്ന നേതാവ് എസ് രാമചന്ദ്രൻപിള്ള പതാക ഉയർത്തും. പകൽ 3.30ന് അയ്യൻകാളി ഹാളിൽ നവോത്ഥാന സമിതി സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
എൽഡിഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയും സ്വാതന്ത്ര്യദിനാഘോഷ പ്രഭാഷണവും സംഘടിപ്പിക്കും. തിങ്കൾ രാവിലെ 10ന് കിഴക്കേകോട്ട നായനാർ പാർക്കിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യദിന ചടങ്ങുകളിൽ കോവിഡ് മാനദണ്ഡങ്ങളും ഹരിത മാനദണ്ഡവും പാലിക്കണമെന്ന് സർക്കാർ നിർദേശമുണ്ട്.