തിരുവനന്തപുരം
മെഡിസെപ് പദ്ധതിയിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇതിനകം നൽകിയത് 42.9 കോടി രൂപയുടെ ധനസഹായം.
സംസ്ഥാന സർക്കാർ ജൂലൈ ഒന്നിന് തുടക്കമിട്ട പദ്ധതിയിൽ 12,544 ഗുണഭോക്താക്കളുടെ ചികിത്സാ ബിൽ അംഗീകരിച്ചു. ആശുപത്രികൾക്ക് 32.45 കോടി രൂപ കൈമാറി. 223 സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ 11,986 പേരുടെയും 89 സർക്കാർ ആശുപത്രിയിലെ 558 പേരുടെയും ബിൽ തുക കൈമാറിക്കഴിഞ്ഞു. 96 ശതമാനംപേരും സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ ഉറപ്പാക്കിയത്. കൂടുതൽ പേർ മെഡിസെപ് സൗകര്യം ഉപയോഗിച്ചത് കോഴിക്കോട് ജില്ലയിലാണ്. ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്ക് 1.59 കോടി രൂപ അനുവദിച്ചു. മുട്ടുമാറ്റിവയ്ക്കൽ, വൃക്ക, കരൾ, ഇടുപ്പെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കായി 130 പേർക്ക് തുക അനുവദിച്ചു. സംസ്ഥാനത്തിനകത്ത് 384 ആശുപത്രികളിൽ മെഡിസെപ് ചികിത്സ ലഭ്യമാണ്.
സംസ്ഥാനത്തിനുപുറത്ത് 12 ആശുപത്രിയും പദ്ധതിയിലുണ്ട്. 1920 ചികിത്സാ പ്രക്രിയകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പുറമെ, അവയവമാറ്റിവയ്ക്കൽ അടക്കം 12 ഗുരുതര രോഗ ചികിത്സയ്ക്കും പരിരക്ഷയുണ്ട്.
11 ലക്ഷത്തോളം ജീവനക്കാരും അധ്യാപകരും സർവീസ് പെൻഷൻകാരും കുടുംബാംഗങ്ങളും ഉൾപ്പെടെ 34 ലക്ഷം പേർ മെഡിസെപ്പിലുണ്ട്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിവഴിയാണ് പണരഹിത ചികിത്സ ഗുണഭോക്താക്കൾക്ക് ഉറപ്പാക്കുന്നത്.