ന്യൂഡൽഹി> സ്വാതന്ത്രദിനാചരണ വേളയിൽ വിഭജനകാലത്തിന്റെ മുറിവുകൾ രാഷ്ട്രീയവിഷയമാക്കി ഉയർത്തിക്കൊണ്ടുവരാൻ ബിജെപി നീക്കം. ഇതിന്റെ ഭാഗമായി വിഭജനത്തിന്റെ ഉത്തരവാദികൾ കോൺഗ്രസും ജവഹർലാൽ നെഹ്റുവുമാണെന്ന് ധ്വനിപ്പിക്കുന്ന വീഡിയോ ബിജെപി ഔദ്യോഗിക ട്വിറ്റർഹാൻഡിലിൽ പോസ്റ്റ് ചെയ്തു. മുഹമദ് അലി ജിന്നയുടെയും മുസ്ലീംലീഗിന്റെയും ആവശ്യങ്ങൾ നെഹ്റു കണ്ണടച്ച് അംഗീകരിച്ചതാണ് വിഭജനത്തിൽ കലാശിച്ചതെന്ന് ഏഴ് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ബിജെപി പറഞ്ഞു.
ജിന്നയുടെയും മുസ്ലീംലീഗിന്റെയും മുന്നിൽ ധൈര്യത്തോടെ പിടിച്ചുനിൽക്കാനുള്ള ആർജവം കോൺഗ്രസ് നേതാക്കൾ കാണിച്ചില്ല. ഭാരതീയരുടെ വികാരം കണക്കിലെടുക്കാതെ അവർ വിഭജനമെന്ന ആവശ്യം അംഗീകരിച്ചു. ഇതേതുടർന്നാണ്, ഭാരതത്തെ കുറിച്ചോ ഭാരതീയസംസ്കാരത്തെ കുറിച്ചോ ഒരു ധാരണയുമില്ലാത്ത സർ റാഡ്ക്ലിഫ് അതിർത്തിനിർണയം നടത്തിയത്. വിഭജനത്തിന്റെ മുറിവുകൾ മറച്ചുവെക്കാനാണ് മുൻ സർക്കാരുകൾ പരിശ്രമിച്ചത്. എന്നാൽ, ആഗസ്ത് 14 വിഭജനഭീതികളുടെ ഓർമ ദിനമായി ആചരിക്കണമെന്ന് ആവശ്യപ്പെട്ടാണ് വീഡിയോ അവസാനിക്കുന്നത്. വിഭജനകാലത്തിന്റെ ദൃശ്യങ്ങൾ നിരത്തി ചെകിടടപ്പിക്കുന്ന പശ്ചാത്തലസംഗീതത്തോടെയാണ് വീഡിയോ തയ്യാറാക്കിയിട്ടുള്ളത്.
അതേസമയം, ബിജെപി പ്രചരണത്തിന് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. ഏറ്റവും വേദനാജനകമായ ചരിത്രദുഃഖങ്ങളെ നിലവിലെ രാഷ്ട്രീയലാഭങ്ങൾക്ക് വേണ്ടി ദുരുപയോഗം ചെയ്യുകയാണ് ബിജെപിയുടെയും പ്രധാനമന്ത്രിയുടെയും ലക്ഷ്യമെന്ന് കോൺഗ്രസ് നേതാവ് ജയ്റാംരമേശ് പ്രതികരിച്ചു. ആധുനികകാല സവർക്കർമാരും ജിന്നമാരും രാജ്യത്തെ വീണ്ടും വിഭജിക്കാനുള്ള നീക്കങ്ങൾ നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.