ആലപ്പുഴ
ജനകോടികൾക്ക് പ്രചോദനമായി സമരപുളകങ്ങൾ തൻ സിന്ദൂരമാലകൾ ചാർത്തിയ ‘ബലികുടീരങ്ങളേ’ എന്ന ഗാനത്തിന് ഞായറാഴ്ച 65 വയസ്. 1957-ൽ ആദ്യ ഇഎംഎസ് മന്ത്രിസഭയുടെ കാലത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിക്കാൻ രചിച്ച ‘ ബലികുടീരങ്ങളേ’ മലയാളക്കരയിൽ ഏറ്റവുമധികം മുഴങ്ങിക്കേട്ട ഗാനമാണ്. ആഗസ്ത് 14-ന് അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദാണ് മണ്ഡപം ഉദ്ഘാടനം ചെയ്തത്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ശതാബ്ദി ആഘോഷിക്കാൻ 1957ൽ ഇഎംസിന്റെ നേതൃത്വത്തിലുള്ള ആദ്യ മന്ത്രിസഭ തീരുമാനിച്ചു. അതിന്റെ സ്മാരകമായാണ് പാളയത്ത് മണ്ഡപം സ്ഥാപിച്ചത്.
ഉദ്ഘാടനച്ചടങ്ങിന് പൊൻകുന്നം വർക്കിയുടെ ‘കർണ്ണൻ’ എന്ന നാടകമുണ്ടായിരുന്നു. അതോടൊപ്പം സ്വാതന്ത്ര്യസമര ഭടന്മാർക്ക് ആദരമർപ്പിക്കുന്ന ഗാനവും വേണമെന്ന് സർക്കാർ തീരുമാനിച്ചു. അതിന്റെ ചുമതല ഇഎംഎസും മുണ്ടശേരിയും ചേർന്ന് വയലാറിനെ ഏൽപ്പിച്ചു. കോട്ടയത്തെ ബെസ്റ്റ് ഹോട്ടലിൽ വയലാറും ദേവരാജനും പാട്ടെഴുത്തിന് ഒത്തുചേർന്നു. അങ്ങനെയാണ് വയലാറിന്റെ സർഗവൈഭവത്തിൽ ദേശീയബോധവും വിപ്ലവാവേശവും പ്രകൃതിയും സംസ്കാരവുമെല്ലാം അലിഞ്ഞുചേർന്ന അനശ്വരഗാനം പിറന്നത്. വയലാർ–- ദേവരാജൻ ടീമിന്റെ ആദ്യഗാനമെന്ന പ്രത്യേകതയുമുണ്ട്. ദേവരാജന് മുപ്പതും വയലാറിന് ഇരുപത്തൊൻപതുമായിരുന്നു അന്നു പ്രായം.
അന്ന് വിജെടി ഹാളിലെ സമ്മേളനത്തിൽ ഈ ഗാനം അറുപത് പേർ ഒന്നിച്ചാണ് പാടിയത്. കെഎസ് ജോർജ്, കെപിഎസി സുലോചന, എൽപിആർ വർമ, സിഒ ആന്റോ, കവിയൂർ പൊന്നമ്മ, ജോസ് പ്രകാശ്, കൊടുങ്ങല്ലൂർ ഭാഗീരഥിയമ്മ, സുധർമ, ബിയാട്രീസ്, വിജയകുമാരി, ആന്റണി എലഞ്ഞിക്കൽ എന്നിവർ അതിലുൾപ്പെടുന്നു. ജി ജനാർദ്ദനക്കുറുപ്പും കുമരകം ശങ്കുണ്ണിമേനോനും സംഘാടനത്തിന്റെ ചുമതലക്കാരായിരുന്നു. പിന്നീടാണ് കെപിഎസി യുടെ അവതരണഗാനമായി ‘ ബലികുടീരങ്ങളേ’ ഉപയോഗിച്ചത്. ‘വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ നിന്നിതാ പുതിയ ചെങ്കൊടി നേടി’ എന്നാണ് പാട്ടിന്റെ അവസാന വരി. അത് പിന്നീട് കെപിഎസിക്കുവേണ്ടി ഗാനം റെക്കോഡ് ചെയ്തപ്പോൾ മാറ്റിയതാണ്. ‘ പൊൻകൊടി’ നേടി എന്നായിരുന്നു ഗാനത്തിൽ ആദ്യമുണ്ടായിരുന്നത്.