തിരുവനന്തപുരം
പഞ്ചായത്ത് സേവനങ്ങൾ ഓൺലൈനായി നൽകുന്ന ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റ (ഐഎൽജിഎംഎസ്) ത്തിലൂടെ നാല് മാസത്തിൽ കൈകാര്യം ചെയ്തത് 40 ലക്ഷത്തിലേറെ ഫയൽ. കഴിഞ്ഞ ദിവസം വൈകിട്ട് വരെ 40,93,388 ഫയലാണ് ഐഎൽജിഎംഎസിൽ സൃഷ്ടിക്കപ്പെട്ടത്. ഇതിൽ 35,20,402 ഫയലും (86 ശതമാനം) തീർപ്പാക്കി. ഏപ്രിൽ നാലിന് സംസ്ഥാന വ്യാപകമായി പൂർണതോതിൽ നടപ്പാക്കിത്തുടങ്ങിയ ഓൺലൈൻ സംവിധാനത്തിൽ ജനന, മരണ സർട്ടിഫിക്കറ്റ് ഉൾപ്പെടെ 264 സേവനമാണ് ലഭ്യമാകുന്നത്. ഇ–- ഗവേണൻസിൽ കേരളത്തിന്റെ സുപ്രധാന ചുവടുവയ്പാണ് ഐഎൽജിഎംഎസ് എന്ന് തദ്ദേശമന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.
നിലവിലെ 40.93 ലക്ഷം ഫയലിൽ സേവനം ലഭ്യമാകേണ്ട തീയതി കഴിഞ്ഞ ഫയലുകൾ 1.68 ലക്ഷം ആണ്. അപാകത പരിഹരിക്കാൻ കത്ത് നൽകിയ 87,108 ഫയലും മാറ്റിവച്ച 1,07,098 ഫയലുമുണ്ട്. ഇവയെല്ലാം തീർപ്പാക്കാനുള്ള അദാലത്തിലേക്ക് കടക്കുകയാണ് തദ്ദേശസ്ഥാപനങ്ങൾ. പഞ്ചായത്ത് ഓഫീസിൽ വരാതെതന്നെ സേവനങ്ങൾ ലഭ്യമാകുന്ന രീതിയിലാണ് സംവിധാനം. citizen.lsgkerala.gov.in ലൂടെ സേവനത്തിന് അപേക്ഷിക്കാം. പണമടയ്ക്കാനും സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനുമെല്ലാം സൗകര്യമുണ്ട്. ഇൻഫർമേഷൻ കേരള മിഷൻ ആണ് ഐഎൽജിഎംഎസ് രൂപകൽപ്പന ചെയ്തത്.