കൊച്ചി
സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികദിനത്തിൽ പിൻ(പോസ്റ്റൽ ഇൻഡക്സ് നമ്പർ) കോഡിന് 50 വയസ്സ് തികയുന്നു. കത്തുകൾ തരംതിരിക്കലും വിതരണവും ലളിതമാക്കാൻ 1972ൽ വാർത്താവിതരണമന്ത്രാലയം അഡീഷണൽ സെക്രട്ടറി ഭികാചി വേളാങ്കാറാണ് പിൻകോഡ് സംവിധാനം കൊണ്ടുവന്നത്. ഒരേപേരുള്ള സ്ഥലങ്ങൾ, തെറ്റായ വിലാസങ്ങൾ എന്നിവ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ മറികടക്കുകയായിരുന്നു ലക്ഷ്യം. പിൻകോഡ് അൻപതിലെത്തുന്നതിന്റെ സന്തോഷത്തിലാണ് കാലടി മാണിക്കമംഗലം സ്വദേശി ഡേവിസ്. പിൻ കോഡിന്റെ പ്രാധാന്യം വിവരിച്ച് ലേഖനങ്ങൾ ഡേവിസ് എഴുതാൻ തുടങ്ങിയിട്ട് 16 വർഷമായി.
തിരുവനന്തപുരത്ത് പോസ്റ്റൽ സർവീസ് ഡയറക്ടറായ കെ കെ ഡേവിസ്, പിൻകോഡിനെക്കുറിച്ച് 444 ലേഖനങ്ങളാണ് വിവിധ പ്രസിദ്ധീകരണങ്ങളിലായി എഴുതിയത്.
1982ൽ ആലുവയിൽ സോർട്ടിങ് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോഴാണ് ലേഖനങ്ങൾ എഴുതി തുടങ്ങിയത്. പിൻകോഡിലെ പിശകുകൾകൊണ്ട് കത്തുകൾ വൈകുന്നത് പതിവായപ്പോൾ ഇതിനെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കണമെന്ന് തോന്നി.
പിൻകോഡിന്റെ പ്രാധാന്യം പുതുതലമുറയെ അറിയിക്കാൻ പിൻപാൽസ് ക്ലബ്ബിനും ഡേവിസ് രൂപംനൽകി.