മാഡ്രിഡ്> ലോകകപ്പിനുശേഷം കളിക്കാരുടെ പ്രകടനം മങ്ങിയേക്കുമെന്ന് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസെലോട്ടിക്ക് ആശങ്ക. സാധാരണരീതിയിലല്ല ഈ ലോകകപ്പ്. നവംബർ–ഡിസംബർ മാസങ്ങളിലാണ്. ക്ലബ് ഫുട്ബോൾ മത്സരങ്ങളുടെ ഇടയിൽ. അതിനാൽത്തന്നെ ലോകകപ്പിനുശേഷം കളിക്കാരുടെ ശാരീരികക്ഷമതയിലും പ്രകടനത്തിലും തിരിച്ചടിയുണ്ടാകുമെന്നും ആൻസെലോട്ടി പറഞ്ഞു.
സ്പാനിഷ് ലീഗ് ചാമ്പ്യൻമാരാണ് റയൽ. ഫ്രാൻസിന്റെയും ബ്രസീലിന്റെയും സ്പെയ്നിന്റെയുമൊക്കെ മികച്ച താരങ്ങൾ ടീമിലുണ്ട്. ലോകകപ്പിൽ കളിച്ച താരങ്ങൾ ഉടൻ ക്ലബ് ഫുട്ബോളിലെത്തും. മുൻകാലങ്ങളിൽ ലോകകപ്പ് കഴിഞ്ഞാൽ കളിക്കാർക്ക് വിശ്രമകാലമാണ്. ഇക്കുറി വിശ്രമമില്ല. അതിനാൽ കളിക്കാരെ കടുത്ത മത്സരക്രമം കാര്യമായി ബാധിക്കുമെന്നും ആൻസെലോട്ടി പറഞ്ഞു.ഈയാഴ്ചയാണ് സ്പാനിഷ് ലീഗ് പുതിയ സീസൺ ആരംഭിച്ചത്. നവംബർ 20ന് ലോകകപ്പ് തുടങ്ങുംമുമ്പ് 14 റൗണ്ട് മത്സരങ്ങളാണ് പൂർത്തിയാകുക. ഡിസംബർ 29ന് പുനരാരംഭിക്കും. ലോകകപ്പ് കഴിഞ്ഞ് 11 ദിവസം മാത്രമാണ് കളിക്കാർക്ക് ഇടവേള ലഭിക്കുക.
‘സാധാരണരീതിയിൽ ലോകകപ്പ് കഴിഞ്ഞാൽ കളിക്കാർക്ക് വിശ്രമകാലമാണ്. ഇക്കുറി അങ്ങനെയല്ല. ലീഗ് മത്സരങ്ങൾ പ്രധാന ഘട്ടത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് കളിക്കാർ തിരിച്ചുവരിക. സ്വാഭാവികമായും അവർ ക്ഷീണിതരായിരിക്കും’– ആൻസെലോട്ടി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗും സ്പാനിഷ് ലീഗും റയൽ നേടിയിരുന്നു. അതേ ടീംതന്നെയാണ് ഈ സീസണിലും.