ന്യൂയോർക്ക് > അമേരിക്കയിൽ വിഖ്യാത എഴുത്തുകാരൻ സൽമാൻ റുഷ്ദിക്കുനേരെയുണ്ടായ ആക്രമണത്തിൽ ഞെട്ടി സാംസ്കാരിലോകം. ആക്രമണം ആസൂത്രിതവും ഞെട്ടിക്കുന്നതുമാണെന്ന് ‘പെൻ അമേരിക്ക’ പ്രതികരിച്ചു. അമേരിക്കയിൽ ഒരു സാഹിത്യകാരനുനേരെയുണ്ടായ ആക്രമണം ചിന്തിക്കാൻപോലും കഴിയാത്തതാണെന്നും സംഘടനയുടെ സിഇഒ സൂസൻ നോസൽ പറഞ്ഞു. ‘പെൻ അമേരിക്ക’യുടെ മുൻ പ്രസിഡന്റുകൂടിയാണ് സൽമാൻ റുഷ്ദി.
സാഹിത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും പേടിപ്പെടുത്തുന്ന ദിവസമാണിതെന്ന് എഴുത്തുകാരനായ വില്യം ഡാൽറിംപിൾ ട്വിറ്ററിൽ കുറിച്ചു. റുഷ്ദി ആക്രമിക്കപ്പെട്ടെങ്കിൽ ഇസ്ലാമിനെ വിമർശിക്കുന്ന ആരും ആക്രമിക്കപ്പെട്ടേക്കാമെന്ന് എഴുത്തുകാരി തസ്ലിമ നസ്റിൻ പറഞ്ഞു. മതഭ്രാന്തന്മാരുടെ ആക്രമണത്തെ അപലപിക്കുന്നതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കവി ജാവേദ് അക്തർ ട്വീറ്റ് ചെയ്തു.
ന്യൂയോർക്ക് ഷതാക്വാ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രഭാഷണത്തിനെത്തിയ റുഷ്ദിയെ അക്രമി വേദിയിൽ കയറി കുത്തുകയായിരുന്നു.