കൊച്ചി> കടവന്ത്രയ്ക്കുസമീപം ചിലവന്നൂർ റോഡിൽ കാർയാത്രക്കാരുടെ ദേഹത്ത് ടാർ ഒഴിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. തൊഴിലാളികളല്ല, കാർയാത്രക്കാരാണ് ആക്രമിച്ചതെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു. കാറിലെത്തിയ സംഘം തൊഴിലാളികളെ ആക്രമിക്കുന്നതിനിടെ തൊഴിലാളിയുടെ കൈയിലിരുന്ന പാത്രത്തിൽനിന്ന് ടാർ കാർയാത്രികരുടെ ദേഹത്ത് വീഴുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഇതോടെ കാർയാത്രക്കാർക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തു. തൊഴിലാളികൾ ദേഹത്ത് ടാർ ഒഴിച്ചുവെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് കാർയാത്രികർ ശ്രമിച്ചത്.
വ്യാഴം വൈകിട്ട് ചിലവന്നൂർ വാട്ടർലാൻഡ് റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് കാർയാത്രക്കാർ എളംകുളം ഭാഗത്തുനിന്ന് വന്നത്. തൊഴിലാളികൾ കാറിന് സഞ്ചരിക്കാൻ വഴിയൊരുക്കിയിട്ടും കടന്നുപോകാതെ തൊഴിലാളികളുമായി വാക്കേറ്റം നടത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. കാറിലിരുന്ന് ബഹളമുണ്ടാക്കിയ സംഘം പിന്നീട് തൊഴിലാളികളെ കടന്നാക്രമിച്ചു. കരാർത്തൊഴിലാളി തൃപ്പൂണിത്തുറ സ്വദേശി കൃഷ്ണപ്പയെയാണ് സംഘം ആക്രമിച്ചത്.
കാറിൽ എത്തിയവരാണ് സംഘർഷത്തിന് കാരണക്കാരെന്ന് പ്രദേശവാസികളും സ്ഥിരീകരിക്കുന്നുണ്ട്. ഇവർ മദ്യപിച്ചിരുന്നതായും വിവരമുണ്ട്. തൊഴിലാളികൾ ആക്രമിച്ചതായി കാണിച്ച് ചിലവന്നൂർ ചിറമേൽപ്പറമ്പിൽ വിനോദ് വർഗീസ്, ജോസഫ് വിനു, ചിറമേൽപ്പറമ്പിൽ ആന്റണി ജിജോ എന്നിവർ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. ടാർ വീണ് കൃഷ്ണപ്പയ്ക്കും പരിക്കേറ്റു. തന്നെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തെന്ന കൃഷ്ണപ്പയുടെ പരാതിയിലാണ് കാർയാത്രക്കാർക്കെതിരെ കേസെടുത്തത്. കാർയാത്രികർ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും കൃഷ്ണപ്പ ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.