തിരുവനന്തപുരം> കേന്ദ്രസർക്കാരിന്റെ ബജറ്റ് ഇതര വിഭവസമാഹരണം കണക്കിൽ കാണിച്ചിട്ടില്ലെന്ന് സിഎജി റിപ്പോർട്ടിൽ പരാമർശം. സിഎജിയുടെ 2022ലെ റിപ്പോർട്ട് നമ്പർ 18ന്റെ അധ്യായം അഞ്ചിലാണ് കണ്ടെത്തലുള്ളത്. സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കാൻ അനാവശ്യ വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുന്ന കേന്ദ്രത്തിന് സ്വന്തം വായ്പകളുടെ കാര്യത്തിൽ സുതാര്യത ഇല്ലെന്ന സിഎജി പരാമർശം തിരിഞ്ഞുകൊത്തുകയാണ്. 2019––20 സാമ്പത്തിക വർഷംമുതലാണ് കേന്ദ്രം ബജറ്റ് ഇതര വിഭവസമാഹരണത്തിന്റെ വിശദാംശങ്ങൾ പ്രത്യേകം പ്രസ്താവിക്കാൻ തുടങ്ങിയത്.
2022ലെ പ്രസ്താവനയിൽ എയർ ഇന്ത്യ ഹോൾഡിങ് കമ്പനി, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ, ദേശീയപാത അതോറിറ്റി തുടങ്ങി സ്ഥാപനങ്ങൾ കടമെടുക്കുന്ന തുക കേന്ദ്രകണക്കിലില്ല. എയർ ഇന്ത്യ ഹോൾഡിങ് കമ്പനിക്കായി കേന്ദ്രം കടമെടുത്ത തുക കുറച്ചുകാണിച്ചു. കടമെടുത്ത 21,985 കോടിയിൽ 7000 കോടി മാത്രമേ സ്റ്റേറ്റ്മെന്റിൽ കാണിച്ചിട്ടുള്ളൂ. ഉൾപ്പെടുത്താത്ത 14,095 കോടിക്ക് കേന്ദ്ര ഗ്യാരന്റിയുണ്ട്. റെയിൽവേ ഫിനാൻസ് കോർപറേഷന്റെ 36,400 കോടി രൂപയും കാണിച്ചിട്ടില്ല. ദേശീയപാത അതോറിറ്റി കടമെടുക്കുന്ന തുകയും കേന്ദ്രസർക്കാർ 2022ലെ കണക്കിൽ കാണിച്ചിട്ടില്ല. ദേശീയപാത അതോറിറ്റി സമാഹരിച്ച 74988 കോടി ഉൾപ്പെടുത്തേണ്ടതാണെന്ന് സിഎജി നിർദേശിച്ചു. ബാങ്ക് വായ്പ വഴി നൽകുന്ന രാസവള സബ്സിഡിയുടെ കുടിശ്ശികത്തുകയായ 43,483 കോടി രൂപയും കണക്കിലില്ല. 2020 –- -21ൽ 12,605 കോടിയും 2021- –- 22ൽ 30,000 കോടിയുമാണ് ബജറ്റ് ഇതര വിഭവസമാഹരണമായി കേന്ദ്രം വായ്പയെടുത്തത്.
സംസ്ഥാന പൊതുമേഖല, എസ്പിവി കടമെടുപ്പ് സർക്കാരിന്റെ വായ്പയായി കണക്കാക്കി വായ്പ പരിധി വെട്ടിക്കുറയ്ക്കുന്ന കേന്ദ്രം സ്വന്തം ബജറ്റ് ഇതര വിഭവസമാഹരണം കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നത് ഗൗരവതരമായ വിഷയമാണ്.