തിരുവനന്തപുരം> സംഘപരിവാർ മനസ്സുള്ള കോൺഗ്രസുകാരെ സംരക്ഷിക്കാൻ തന്നെ തള്ളിപ്പറഞ്ഞ നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ് വിടുന്നതായി ജില്ലാ കമ്മിറ്റി അംഗം വെമ്പായം നസീർ അറിയിച്ചു. കഴക്കൂട്ടത്തു നടന്ന യുഡിഎഫ് പരിപാടിയിൽ ലീഗ് പതാകയുമായി എത്തിയ വെമ്പായം നസീറിനെ കോൺഗ്രസ് നേതാക്കൾ അപമാനിച്ചുവിട്ടിരുന്നു. പച്ചക്കൊടി പാകിസ്ഥാനിൽ കെട്ടിയാൽ മതിയെന്നായിരുന്നു ആക്ഷേപം. സംഭവം വിവാദമായപ്പോൾ ലീഗ് നേതൃത്വം വെമ്പായം നസീറിനെ തള്ളിപ്പറഞ്ഞു. വെമ്പായം നസീർ ലീഗുകാരനല്ല എന്നായിരുന്നു സെക്രട്ടറി പി എം എ സലാമിന്റെ നിലപാട്.
വർഷങ്ങളായി മുസ്ലിംലീഗിന്റെ സജീവ പ്രവർത്തകനായിരുന്ന താൻ നിലവിൽ ജില്ലാ കമ്മിറ്റിയംഗവും എസ്ടിയു ജില്ലാ സെക്രട്ടറിയുമാണെന്ന് വെമ്പായം നസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലീഗ് അംഗത്വ രസീതും എസ്ടിയു അംഗത്വ ഐഡന്റിറ്റി കാർഡും അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. നേതൃത്വം അപമാനിച്ച സാഹചര്യത്തിൽ ലീഗ് വിട്ട് ഐഎൻഎല്ലിൽ ചേർന്നു പ്രവർത്തിക്കും. 18നു നടക്കുന്ന ചടങ്ങിൽ ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ വഹാബിൽനിന്ന് അംഗത്വം സ്വീകരിക്കും. വരുംദിവസങ്ങളിൽ സമാന നിലപാടുള്ള നിരവധി ലീഗ് പ്രവർത്തകർ പാർടി വിടുമെന്നും അദ്ദേഹം പറഞ്ഞു.