ലണ്ടൻ> കടുത്ത വരൾച്ചയെത്തുടർന്ന് ബ്രിട്ടനിലെ തെംസ് നദിയുടെ ഉത്ഭവസ്ഥലം വറ്റിവരളുന്നു. 1935നുശേഷം ബ്രിട്ടൻകണ്ട ഏറ്റവും വലിയ വരൾച്ചയാണ് ജൂലെെയിൽ ഉണ്ടായത്. ഇതാണ് തെംസിനെ വറ്റിച്ചത്. നദിയുടെ ഉത്ഭവസ്ഥലമായ ഗ്ലസ്റ്റർഷേറിലെ കെമ്പിളിലെ നദിയുടെ ഉത്ഭവസ്ഥലമാണ് വറ്റിയത്. ഇത് എട്ടുകിലോമീറ്റർ പടിഞ്ഞാറുമാറി സമ്മർഫോഡ് കെയ്ൻസിൽനിന്ന് മാത്രമേ ഇപ്പോൾ നദിയിലേക്ക് ഉറവയുള്ളൂ.
23.1 മില്ലി മീറ്റർ മഴമാത്രമാണ് കഴിഞ്ഞ മാസം ലഭിച്ചത്. സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിന്റെ 35 ശതമാനംമാത്രം. തെക്കൻ ഇംഗ്ലണ്ടിലൂടെ ഏകദേശം 356 കിലോ മീറ്റർ ദൂരത്തിൽ ഒഴുകുന്നതാണ് തെംസ് നദി. വേനൽക്കാലത്ത് നദിയുടെ ചില ഭാഗങ്ങളിൽ വരൾച്ച ഉണ്ടാകാറുണ്ടെങ്കിലും ഇതാദ്യമാണ് ഗ്ലസ്റ്റർഷേറിലെ ഉത്ഭവസ്ഥലത്ത് വരൾച്ചയുണ്ടാകുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് വരൾച്ചയ്ക്ക് കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിലെ ദക്ഷിണ, മധ്യ, കിഴക്കൻ വരൾച്ച ബാധ്യതാ പ്രദേശങ്ങളായി പ്രഖ്യാപിച്ചു.