ഷൊർണൂ> റെയിൽവേ സ്റ്റേഷനുകളിലെ പുസ്തകശാലകൾക്കും താഴുവീഴുന്നു. ലൈസൻസ് ഫീസ് ഭീമമായി വർധിപ്പിച്ചാണ് പുസ്തകശാലകൾ പൂട്ടിച്ചത്. ഷൊർണൂർ ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ 75 വർഷം പഴക്കമുള്ള മാതൃഭൂമിയുടെ പുസ്തകശാല കഴിഞ്ഞ ബുധനാഴ്ച പൂട്ടി. പാലക്കാട് റെയിൽവേ സ്റ്റേഷനിലെ പുസ്തകശാലകളും പൂട്ടി. |
ഇംഗ്ലീഷ് മാസികകളും മറ്റും ലഭിക്കുന്ന പല സ്റ്റാളുകളും കഴിഞ്ഞ വർഷം പൂട്ടിയിരുന്നു. പുസ്തകശാല നടത്താൻ റെയിൽവേ ആദ്യഘട്ടത്തിൽ പ്രത്യേക പ്രോത്സാഹനം നൽകിയിരുന്നു. വാർഷിക ലൈസൻസ് ഫീസ് മൂന്നിലൊന്ന് മതിയായിരുന്നു. 2018 മുതൽ റെയിൽവേ അധികാരികൾ സബ്സിഡി എടുത്തുകളഞ്ഞ് മൾട്ടി പർപ്പസ് സ്റ്റാളുകളാക്കി ഫീസ് ഭീമമായി വർധിപ്പിച്ചു.
അവിടെ ശീതളപാനിയങ്ങൾ, ഹൽവ, ചിപ്സ് ഇനങ്ങൾ, തുണിത്തരങ്ങൾ എന്നിവയ്ക്കൊപ്പം പുസ്തകങ്ങൾ, പത്രം, മാഗസിൻ തുടങ്ങിയ വിൽക്കാമെന്നാണ് റെയിൽവേയുടെ നിബന്ധന. ലൈസൻസ് ഒരു വർഷത്തേക്ക് 7,80,000 രൂപ. മാതൃഭൂമി ഈ വിഭാഗത്തിലുള്ള ലൈസൻസ് എടുത്താണ് നാലു കൊല്ലമായി സ്റ്റാൾ പ്രവർത്തിച്ചിരുന്നത്. 1983ൽ പുസ്തകശാല വിപുലീകരിച്ചു. ഡിജിറ്റലേഷൻ വന്നതോടെ വിൽപ്പനയെയും ബാധിച്ചു. ആദ്യകാലത്ത് ദിനംപ്രതി 10,000 രൂപവരെ വിൽപ്പന നടന്നിരുന്നു. കോവിഡ് കാലത്ത് 3000 രൂപയായി ചുരുങ്ങി.
ഇതിപ്പോൾ കുറഞ്ഞ് പൂട്ടുന്ന ദിവസംവരെ കിട്ടിയത് 300 രൂപയുടെ കച്ചവടമാണ്. മാതൃഭൂമി പ്രസിദ്ധീകരണത്തിനു പുറമേ മാഗസിൻ, പത്രം, ബുക്കുകൾ എന്നിവ ഇവിടെ ലഭിച്ചിരുന്നു. പി ഗോവിന്ദൻ പിള്ള, സി അച്യുതമേനോൻ, ഒ എൻ വി, സുഗതകുമാരി, എം ടി, വി കെ എൻ തുടങ്ങിയ രാഷ്ട്രീയ, സാഹിത്യ പ്രമുഖകർ യാത്രയ്ക്കിടെ ഇവിടെ എത്താറുണ്ട്. 1977 മുതൽ 2022 വരെ 45 വർഷം ഷൊർണൂർ സ്വദേശി എ ടി രാധാകൃഷ്ണനായിയുന്നു നടത്തിപ്പ് ചുമതല.