മലപ്പുറം> വഴിക്കടവില് വന് കഞ്ചാവ് വേട്ട. ആനമറി എക്സൈസ് ചെക്ക്പോസ്റ്റില് നടത്തിയ വാഹന പരിശോധനയില് 132 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില് അഞ്ച് പേര് അറസ്റ്റിലായി. കാറില് ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവാണ് വഴിക്കടവ് എക്സൈസ് ചെക്ക്പോസ്റ്റില് വച്ച് പിടികൂടിയത്. കഞ്ചാവ് കടത്തിയ 5 അംഗ സംഘത്തെ അറസ്റ്റ് ചെയ്തു.
കൊണ്ടോട്ടി സ്വദേശി അബ്ദുല് സമദ്, അരീക്കോട് സ്വദേശി ഷെഫീഖ്, പേരാമ്പ്ര സ്വദേശി അമല്, കോട്ടയ്ക്കല് സ്വദേശികളായി ഷഹദ്, നവാസ് എന്നിവരാണ് പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എന് ഫോഴ്സ്മെന്റ് അസി. എക്സൈസ് കമ്മീഷണര് അനില്കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. നാടുകാണി ചുരം ഇറങ്ങി എത്തിയ സംഘത്തെ ചെക്ക്പോസ്റ്റില് വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
കാറിന്റെ ഡിക്കിക്കുള്ളില് 6 കെട്ടുകളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ആന്ധ്രയില് നിന്നും മൈസൂരുവിലേക്കും അവിടെ നിന്ന് മഞ്ചേരിയിലേക്കുമാണ് കഞ്ചാവ് കടത്തിയിരുന്നതെന്നാണ് പ്രതികള് നല്കിയ മൊഴി.
സ്റ്റേറ്റ് എക്സൈസ് എന്ഫോഴ്സ് മെന്റിലെ സര്ക്കിള് ഇന്സ്പെക്ടര് ജി.കൃഷ്ണകുമാര്, ഇന്സ്പെക്ടര് മധുസൂദനന് നായര്, സിവില് എക്സൈസ് ഇന്സ്പെക്ടര്മാരായ സുബിന്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.