കൊച്ചി
കിഫ്ബിയെ തകർക്കാനുള്ള ഇഡിയുടെ നീക്കത്തിനെതിരെ അഞ്ച് എംഎൽഎമാർ സമർപ്പിച്ച പൊതുതാൽപ്പര്യഹർജി ഹൈക്കോടതി ഇടക്കാല ഉത്തരവിനായി മാറ്റി. കെ കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, എം മുകേഷ്, ഇ ചന്ദ്രശേഖരൻ, ഐ ബി സതീഷ് എന്നിവരുടെ പൊതുതാൽപ്പര്യഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. 73,000 കോടിയുടെ കിഫ്ബി പദ്ധതി അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ഇഡിയെ ഉപയോഗിക്കുന്നതെന്നും തങ്ങളുടെ മണ്ഡലങ്ങളിൽ പുരോഗമിക്കുന്ന വികസനപദ്ധതികൾ പലതും തടസ്സപ്പെടുമെന്നും ഹർജിക്കാർ ബോധിപ്പിച്ചു. ഇഡി കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ഹർജിക്ക് സാധ്യതയുണ്ടോ എന്ന് കോടതി ആരാഞ്ഞു. വൻകിട വികസനപദ്ധതി നിസ്സാരകാര്യം ചൂണ്ടിക്കാട്ടി തടസ്സപ്പെടുത്തരുതെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനെ താക്കീത് ചെയ്തിട്ടുള്ള കാര്യം ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രഞ്ജിത് തമ്പാൻ ബോധിപ്പിച്ചു. ഇഡിയുടെ നീക്കം രാഷ്ട്രീയപ്രേരിതമാണ്.
2024ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണത്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ തർക്കമുടലെടുത്താൽ അത് പരിഹരിക്കാൻ ഭരണഘടന അനുശാസിക്കുന്ന രീതിയുണ്ട്. അത്തരം കാര്യങ്ങളിൽ ഇഡിയുടെ അനാവശ്യ ഇടപെടൽ വിദൂരഭാവിയിൽ കേന്ദ്ര–-സംസ്ഥാന ബന്ധങ്ങളെ ബാധിക്കാനിടയുണ്ട്. കിഫ്ബിയെ തകർക്കാനാണ് സിഇഒ ഉൾപ്പെടെ ഉദ്യോഗസ്ഥരെ പലവട്ടം ചോദ്യംചെയ്യലിന് വിളിച്ചതും മസാലബോണ്ട് നിക്ഷേപകരുടെ വിവരവും കണക്കും ആവശ്യപ്പെടുന്നതും. ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാൻ വിളിക്കുമ്പോൾ മാധ്യമങ്ങളിലൂടെ വലിയ പ്രചാരം നൽകുന്നു. വിശ്വാസ്യത തകർത്ത് ധനസ്ഥാപനങ്ങൾ ഉൾപ്പെടെ നിക്ഷേപകരെ കിഫ്ബിയിൽനിന്ന് അകറ്റലാണ് ലക്ഷ്യം. ഇഡിയുടെ നീക്കം അങ്ങേയറ്റം അരോചകവും ആശങ്കാജനകവുമാണ്.
റിസർവ് ബാങ്ക് അനുമതിയോടെ നിയമാനുസൃതമായാണ് മസാലബോണ്ട് പുറപ്പെടുവിച്ചത്. ബോണ്ട് വഴി പണം രാജ്യത്തെത്തി കേരള അടിസ്ഥാനസൗകര്യ വികസനഫണ്ട് നിയമപ്രകാരം വിനിയോഗിച്ചാൽ പിന്നെ വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ബാധകമാകില്ല. ഫെമ ലംഘനമുണ്ടായാൽ നടപടിയെടുക്കേണ്ടത് ഇഡിയല്ല, റിസർവ് ബാങ്കാണ്. അതിന് നിയമവ്യവസ്ഥയുണ്ട്. റിസർവ് ബാങ്ക് ഒരു പരാതിയും പറഞ്ഞിട്ടില്ല. എന്നിട്ടും കോടതിയുടെ അധികാരം കൈയാളി രേഖകളുടെ പരിശോധനയും ചോദ്യംചെയ്യലും ഇഡി തുടരുന്നു. ഇതുവരെ ഫെമപ്രകാരം കിഫ്ബിക്കെതിരെ ഒരു കേസുപോലും എടുക്കാൻ ഇഡിക്കായിട്ടില്ലെന്നും ഹർജിക്കാർ വാദിച്ചു.