തിരുവനന്തപുരം
സാധനം വാങ്ങിയതിന്റെ ബില്ലുണ്ടെങ്കിൽ ഇനി കൈനിറയെ സമ്മാനം നേടാം. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ലക്കി ബിൽ മൊബൈൽ ആപ് ചൊവ്വാഴ്ച നിലവിൽ വരും.
നികുതി ദായകർക്ക് സാധനം വാങ്ങുമ്പോൾ ലഭിക്കുന്ന ബിൽ ലക്കി ബിൽ ആപ്പിൽ ലോഡ് ചെയ്യാം. ഇവയുടെ നറുക്കെടുപ്പിലൂടെ പ്രതിദിന, പ്രതിവാര, പ്രതിമാസ, ബമ്പർ സമ്മാനങ്ങൾ നൽകും. പ്രതിദിന നറുക്കെടുപ്പിൽ 25 പേർക്ക് കുടുംബശ്രീയുടെയും 25 പേർക്ക് വനശ്രീയുടെയും 1000 രൂപ വിലയുള്ള സമ്മാനപ്പൊതി ലഭിക്കും. പ്രതിവാര നറുക്കെടുപ്പിൽ 25 വിജയികൾക്ക് കെടിഡിസി സൗജന്യ ഫാമിലി താമസസൗകര്യം നൽകും. പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 10 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ചു പേർക്ക് രണ്ടുലക്ഷം രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം ഒരുലക്ഷം രൂപ വീതം അഞ്ചു പേർക്കുണ്ട്. ബമ്പർ സമ്മാനം 25 ലക്ഷം രൂപയാണ്. വർഷം ആകെ അഞ്ചുകോടി രൂപയുടെ സമ്മാനങ്ങളുണ്ട്.
ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും www.keralataxes.gov.in ൽനിന്നും ലക്കി ബിൽ മൊബൈൽ ആപ് ഇൻസ്റ്റാൾ ചെയ്യാം. പേര്, വിലാസം, മൊബൈൽ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യാം. തുടർന്ന്, സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ ഉപയോക്താക്കൾക്ക് ലോഡ് ചെയ്യാം. ആപ് ചൊവ്വ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും.