നിലമ്പൂർ
നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷറഫിന്റെ അബുദാബിയിലെ ബിസിനസ് പങ്കാളി കോഴിക്കോട് മുക്കം ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റെ മൃതദേഹം റീ പോസ്റ്റ്മോര്ട്ടം നടത്തി. ഹാരിസിനെ ഷൈബിൻ അഷറഫിന്റെ ക്രിമിനൽ സംഘം കൊന്നതാണെന്ന ബന്ധുക്കളുടെ പരാതിയിൽ നിലമ്പൂർ കോടതി ഉത്തരവിട്ടതിനെ തുടർന്നാണിത്.
ഹാരിസിനെ കൊന്നതാണെന്ന് ഷാബാ ഷെരീഫ് വധക്കേസിലെ പ്രതികളും പൊലീസിന് മൊഴി നൽകിയിരുന്നു. മൃതദേഹത്തിൽനിന്നുള്ള സാമ്പിളുകൾ വിദഗ്ധ പരിശോധനക്കായി തൃശൂർ റീജിയണൽ ഫോറൻസിക് ആൻഡ് സയന്റിഫിക് ലാബിലേക്ക് കൊണ്ടുപോയി. ഈസ്റ്റ് മലയമ്മ ജുമാ മസ്ജിദിൽ രണ്ടു വർഷംമുമ്പ് ഖബറടക്കിയ മൃതദേഹം പൊലീസും ഫോറൻസിക് സംഘവും ചേർന്നാണ് പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ റീ പോസ്റ്റ്മോര്ട്ടം നടത്തി.
2020 മാർച്ച് അഞ്ചിനാണ് ഹാരിസിനെയും മാനേജർ ചാലക്കുടി സ്വദേശിനി ഡെൻസി ആന്റണിയെയും അബുദാബിയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതിയെ കൊന്ന് ഹാരിസ് ആത്മഹത്യചെയ്തെന്ന നിഗമനത്തിൽ അബുദാബി പൊലീസ് അന്വേഷണം അവസാനിപ്പിച്ചു.
പിന്നീട് ഷാബാ ഷെരീഫ് വധക്കേസിലെ പ്രതികളെ ചോദ്യംചെയ്തപ്പോഴാണ് ഹാരിസിനെയും ഡെൻസിയെയും ഷൈബിന്റെ നിർദേശപ്രകാരം കൊന്നതാണെന്ന് പൊലീസിന് വിവരം ലഭിച്ചത്. ഇതോടെ ഹാരിസിന്റെ ബന്ധുക്കൾ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ലഹരിമരുന്ന് കേസിൽ ഷൈബിന് അബുദാബിയിൽ പ്രവേശനവിലക്കുണ്ട്. ഇതിനുപിന്നിൽ ഹാരിസാണെന്ന് ഷൈബിൻ സംശയിച്ചിരുന്നു. തുടർന്ന് ഷൈബിൻ കേരളത്തിലിരുന്ന് കൊലപാതക പദ്ധതി തയ്യാറാക്കിയെന്നാണ് പൊലീസ് നിഗമനം. ഇതിനായി ഹാരിസ് താമസിച്ചിരുന്ന ഫ്ലാറ്റിന് മുകളിലായി ഷൈബിൻ ബന്ധുവിന്റെ പേരിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്തു. കൂട്ടാളികളെ ചാർട്ടേഡ് വിമാനത്തിൽ അവിടെയെത്തിച്ചാണ് കൊലനടത്തിയത്. കൊലപാതക ദൃശ്യങ്ങൾ ഷൈബിൻ മുക്കട്ടയിലെ വീട്ടിലിരുന്ന് ലൈവായി കണ്ടതായും പ്രതികൾ പൊലീസിന് മൊഴി നൽകിയിരുന്നു.















