കൊച്ചി> പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫ. കെ കെ ജോർജ്ജ് (82) അന്തരിച്ചു. കേരള വികസനാനുഭവങ്ങളുടെ ഭാവി പാത സംബന്ധിച്ച് പ്രവചനാത്മക ഉൾക്കാഴ്ച്ചയോടെ ജാഗ്രതപ്പെടുത്തിയ സാമ്പത്തിക ശാസ്ത പണ്ഡിതനായിരുന്നു പ്രൊഫാ. കെ .കെ .ജോർജ്ജ് .
പബ്ലിക്ക് ഫിനാൻസിലും കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലും രാജ്യത്തെ ഏറ്റവും പ്രമുഖ വിദഗ്ധരിൽ ഒരാളായിരുന്നു.
“കേരള വികസനമാതൃകയുടെ പരിമിതികൾ” (limits to Kerala Model of development) എന്ന അദ്ദേഹത്തിന്റെ പുസ്തകം എറെ ശ്രദ്ധ നേടിയിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് മരിച്ചത്. കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ-എക്കണോമിക് ആൻഡ് എൻവയോൺമെന്റൽ സ്റ്റഡീസിന്റെ (സിഎസ്ഇഎസ്) ചെയർമാനാണ്.
ആലുവ യുസി കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ്നം എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം കൊച്ചി സർവകലാശാലയിൽ നിന്നാണ് പി എച്ച് ഡി നേടിയത്. പത്തനംതിട്ട കാതോലി ക്കേ റ്റ് കോളേജിൽ അധ്യാപകനായി ജോലി ആരംഭിച്ച പ്രൊഫ. ജോർജ് എസ്ബിഐയിലും തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് വിസിറ്റിങ് ഫെലോ ആയും പ്രവർത്തിച്ചു. കൊച്ചി സർവ്വകലാശാലയിൽ സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡയറക്ടറായി 2000 ൽ വിരമിച്ചു.
ഭാര്യ: ഷേർളി(റിട്ട. ബിഎസ്എൻഎൽ). മക്കൾ: ജസ്റ്റിൻ ജോർജ്ജ് (ബിസിനസ്),ജീൻ ജോർജ്ജ് (അബുദാബി), ഡോ. ആൻ ജോർജ്ജ് (യു സി കോളേജ് ആലുവ). മരുമക്കൾ: പ്രൊഫ. സുമി (സെന്റ് തോമസ് കോളേജ് കോഴഞ്ചേരി), എബ്രഹാം വർഗീസ് (അബദാബി), ഡോ. അറിവഴകൻ (സെന്റ് സേവ്യേഴ്സ് കോളേജ് പാളയംകോട്ട).
മരണാനന്തര ശുശ്രൂഷ ചടങ്ങുകൾ ഓഗസ്റ്റ് 12 (വെള്ളിയാഴ്ച) 3പി.എം.ന് ആലുവ തോട്ടക്കാട്ടുകരയിലെ ഐശ്വര്യ ലെയിനിലുള്ള സ്വവസതിയിൽ ആരംഭിക്കും.