പേരാവൂർ> ഉരുൾപൊട്ടൽ നാശം വിതച്ച മേഖലയിൽ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കണ്ണൂർ ജില്ലയിലെ മലയോര പഞ്ചായത്തുകളായ കണിച്ചാർ, കോളയാട്, കേളകം പേരാവൂർ പഞ്ചായത്തുകളിൽ കനത്ത മഴയിൽ ഉരുൾപൊട്ടി വലിയ നാശനഷ്ടങ്ങളുണ്ടായിരുന്നു. കണിച്ചാർ, കോളയാട് പഞ്ചായത്തിലെ വിവിധ ഇടങ്ങളിലായി ഓരേ സമയം മുപ്പതോളം സ്ഥലത്ത് ഉരുൾപൊട്ടുകയും മൂന്ന് പേർ മരിക്കാനിടയാകുകയും നിരവധി വീടുകളും ഭൂമിയും ഒലിച്ചു പോകുകയുമുണ്ടായി
ഉരുൾ പൊട്ടിയതിന്റെ മലവെള്ളം വീടുകളിൽ കയറിയാണ് പേരാവൂർ പഞ്ചായത്തിൽ വലിയ നാശമുണ്ടായത്. കൈലാസംപടി ശാന്തിഗിരി മേഖലകളിൽ ഭൂമി വിണ്ടുകീറി വീടും പറമ്പും നഷ്ടപ്പെട്ടതാണ് കേളകം പഞ്ചായത്തിലുണ്ടായ നാശനഷ്ടം.ജനപ്രതിനിധികളും സിപിഐ എം നേതാക്കളുമാണ് നിവേദനം കൊടുക്കുന്ന സംഘത്തിൽ ഉണ്ടായത്.
സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, രാജ്യ സഭാ എം പി ഡോ. വി ശിവദാസൻ, സിപിഐഎം ഏരിയ സെക്രട്ടറി എം രാജൻ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, എം എസ് വാസുദേവൻ, ജിമ്മി എബ്രഹാം, സി സി സന്തോഷ് തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടു നിവേദനം നൽകുകയും മറ്റു വിവിധ വകുപ്പ് മന്ത്രിമാരെ കണ്ടു തൽസ്ഥിതി ബോധിപ്പിക്കുകയും ചെയ്തത്.