കണ്ണൂർ> സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കണ്ണൂർ കോർപ്പറേഷൻ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാർ അറസ്റ്റിൽ. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ എ സി പി, ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.
ജൂലൈ 20 നാണ് പി വി കൃഷ്ണകുമാർ പീഡിപ്പിച്ചുവെന്ന് കാണിച്ച് വനിത സഹകരണ ബാങ്ക് ജീവനക്കാരിയായ യുവതി സിറ്റി പൊലീസ് കമ്മീഷണർക്കും വനിതാ കമ്മീഷനും പരാതി നൽകിയത്.
പരാതിയിൽ എടക്കാട് പൊലീസ് കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാർ ഒളിവിൽ പോവുകയായിരുന്നു. യുവതി ജോലി ചെയ്യുന്ന കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ മുൻ ജീവനനായിരുന്നു കൃഷ്ണകുമാർ.
കോൺഗ്രസ് എടക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ പി വി കൃഷ്ണകുമാറിനെ തമിഴ്നാട്ടിലെ തിരുപ്പതിയിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള വനിതാ സഹകരണ സംഘത്തിന്റെ ശാഖാ ഓഫീസിൽ ജൂലൈ 15നാണ് സംഭവം. കൃഷ്ണകുമാർ ജില്ലാ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. പരാതിയിൽനിന്ന് പിൻമാറ്റാൻ കോൺഗ്രസ് നേതാക്കൾ യുവതിയെ സമീപിക്കുകയുംചെയ്തു. പരാതി നൽകി സഹകരണസംഘത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തിയെന്നാരോപിച്ച് ജീവനക്കാരിക്ക് നോട്ടീസ് നൽകിയതും വിവാദമായി.
കൃഷ്ണകുമാറിന്റെ ബന്ധുവീടുകളിലടക്കം പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇയാളുമായി ബന്ധമുള്ളവരുടെ ഫോൺകോളുകളും നിരീക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ബംഗളൂരുവിലും മറ്റും എടക്കാട് പൊലീസ് തെരച്ചിൽ നടത്തി. വനിതാ സംഘം ഡയറക്ടർമാരായ മഹിളാ കോൺഗ്രസ് നേതാക്കളുമായി കൃഷ്ണകുമാർ ഫോണിൽ സംസാരിച്ചതിന്റെ തെളിവും പൊലീസിന് ലഭിച്ചു. ബംഗളൂരു, ഗൂഡല്ലൂർ, ഹൈദരാബാദ്, വയനാട് എന്നിവിടങ്ങളിലെ ലോഡ്ജുകളിലും മറ്റുമാണ് ഒളിച്ചുതാമസിച്ചത്.