ന്യൂയോർക്ക്> അമേരിക്കൻ ടെന്നീസ് ഇതിഹാസം സെറീന വില്യംസ് വിരമിക്കുന്നു. ഈ മാസം അവസാനം നടക്കുന്ന യുഎസ് ഓപ്പണിനുശേഷം നാൽപ്പതുകാരി കളമൊഴിയും. സെറീന തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് സെറീന. 23 ഗ്രാൻഡ് സ്ലാം കിരീടങ്ങളുണ്ട്. മാർഗരെറ്റ് കോർട്ടിനെക്കാൾ ഒരെണ്ണം മാത്രം കുറവ്.
യുഎസ് ഓപ്പണിൽ ആറ് കിരീടങ്ങൾ നേടിയിട്ടുണ്ട്. 1999ലായിരുന്നു ആദ്യ യുഎസ് ഓപ്പൺ കിരീടം. അവസാനമായി ഗ്രാൻഡ്സ്ലാം കിരീടം നേടിയത് 2017ലായിരുന്നു. തുടർന്ന് പ്രസവത്തെ തുടർന്ന് കളത്തിൽനിന്ന് വിട്ടുനിന്നു. പരിക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങളും കാരണം സെറീനയ്ക്ക് കളത്തിൽ സജീവമാകാൻ കഴിഞ്ഞില്ല. എങ്കിലും 2018ലും 2019ലുമായി നാല് തവണ ഫെെനലിൽ കടക്കാനായി. കഴിഞ്ഞ വർഷം അവസാനം പരിക്കുകാരണം വീണ്ടും വിട്ടുനിൽക്കേണ്ടിവന്നു. ഇക്കുറി വിംബിൾഡണിൽ തിരിച്ചുവരവ് നടത്തിയെങ്കിലും ആദ്യ റൗണ്ടിൽ പുറത്തായി.
പതിനാല് മാസത്തിനുശേഷമാണ് കഴിഞ്ഞ ദിവസം സിംഗിൾസിൽ ഒരു ജയം നേടിയത്. ടൊറന്റോയിലെ നാഷണൽ ബാങ്ക് ഓപ്പണിൽ രണ്ടാം റൗണ്ടിലെത്തി.