കൊച്ചി> ഇടമലയാര്‍ ഡാം തുറന്നു. ഡാമിന്റെ 2,3 സ്പില്‍വേകളാണ് തുറന്നത്. ആദ്യഘട്ടത്തില്‍ 50 ഘനയടി വെള്ളമാണിപ്പോള്‍ പുറത്തേക്കൊഴുക്കുന്നത്. അണക്കെട്ടിലെ അനുവദനീയമായ പരമാവധി സംഭരണശേഷി 169 മീറ്ററാണ്.
ഇടുക്കിക്കൊപ്പം ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പുയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു.
ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് ആറിയിച്ചു. എവിടെയെങ്കിലും അടിയന്തരസാഹചര്യം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിക്കാന്‍ 21 അംഗ എന്‍.ഡി.ആര്.എഫ് സേനയെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. ജനപ്രതിനിധികളോടും വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇടുക്കിയില്‍ 2386.86 അടിയായി ആണ് ജലനിരപ്പ് ഉയര്‍ന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.55 ആയി ഉയര്‍ന്നു. ഇടുക്കി അണക്കെട്ടില്‍ നിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ തടിയമ്പാട് നാലു വീടുകളില്‍ വെള്ളം കയറി.
നിലവില്‍ മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്റില്‍ ഒഴുക്കുന്നത്. പത്ത് മണിയോടെ കൂടുതല്‍ വെളളം ഒഴുക്കാന്‍ ഇന്നലെ തീരുമാനിച്ചിരുന്നു. സെക്കന്റില്‍ അഞ്ച് ലക്ഷം ലീറ്റര്‍ ആയി ഉയര്‍ത്താനായിരുന്നു തീരുമാനം.എന്നാല്‍ വീടുകളില്‍ വെളളം കയറിയതോടെ ഇനി കൂടുതലായി വെള്ളം ഒഴുക്കണോ എന്നതില്‍ വീണ്ടും യോഗം ചേര്‍ന്നാകും അന്തിമ തീരുമാനമെടുക്കുന്നത്. വെള്ളത്തിന്റെ ഒഴുക്ക് കൂടിയതോടെ ജനം ആശങ്കയിലാണ്.