തായ്പെ
തിങ്കൾമുതൽ തയ്വാനു ചുറ്റും പുതിയ സൈനികാഭ്യാസം ആരംഭിച്ച് ചൈന. പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയുടെ തയ്വാൻ സന്ദർശനത്തിലൂടെ അമേരിക്ക നടത്തിയ പ്രകോപനത്തിന് മറുപടിയായി ആരംഭിച്ച നാലുദിനം നീണ്ട വമ്പൻ സൈനികാഭ്യാസം ഞായറാഴ്ച അവസാനിച്ചിരുന്നു. ഞായർ വൈകിയാണ് അന്തർവാഹിനി വേധ യുദ്ധവിമാനങ്ങൾ ഉൾപ്പെടെ പങ്കെടുക്കുന്ന വിപുലമായ പുതിയ പരിശീലനം പ്രഖ്യാപിച്ചത്.
കടലിൽനിന്നുള്ള വെടിവയ്പ് പരിശീലനമാണ് തിങ്കളാഴ്ച പ്രധാനമായും നടന്നത്. വ്യോമസേന നിരവധി മിസൈൽ, റോക്കറ്റ് സംവിധാനങ്ങളും പരീക്ഷിച്ചു. എത്രദിവസത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. ചൈനയ്ക്കും കൊറിയൻ ഉപദ്വീപിനും ഇടയിലുള്ള മഞ്ഞക്കടലിൽ ആഗസ്ത് 15 വരെയും ബൊഹായി കടലിൽ ഒരു മാസം നീളുന്ന പരിശീലനവും നടത്തുന്നു. കിഴക്കൻ ചൈന കടൽത്തീരത്ത് പുതിയ സൈനികാഭ്യാസവും പ്രഖ്യാപിച്ചിട്ടുണ്ട്.
തയ്വാൻ ചൈനയുടെ ഭാഗം: വാങ് യി
തയ്വാൻ അമേരിക്കയുടെയല്ല, തങ്ങളുടെ ഭൂപ്രദേശമാണെന്ന് ഓർമിപ്പിച്ച് ചൈനീസ് വിദേശമന്ത്രി വാങ് യി. ‘ചൈനയുടെ പ്രദേശത്തുതന്നെയാണ് സൈനികാഭ്യാസം നടത്തുന്നത്. രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാനുള്ള ന്യായവും നിയമാനുസൃതവുമായ നടപടിയാണ് ചൈന സ്വീകരിക്കുന്നത്. വിഷയത്തിൽ അമേരിക്ക തർക്കം ഉന്നയിക്കുകയാണ്’–- അദ്ദേഹം പറഞ്ഞു.