തിരുവനന്തപുരം
യുക്തിരഹിത ന്യായങ്ങൾ നിരത്തി ഗവർണർ ആരിഫ് മൊഹമ്മദ്ഖാൻ ഓർഡിനൻസുകളിൽ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്നത് ഭരണ നിർവഹണരംഗത്ത് കടുത്ത പ്രതിസന്ധിയുണ്ടാക്കും.
സംസ്ഥാനത്ത് പബ്ലിക് ഹെൽത്ത് അതോറിറ്റി രൂപീകരിക്കാൻ ലക്ഷ്യമിടുന്ന കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസ്– -2022 ഉൾപ്പെടെ സുപ്രധാന ഓർഡിനൻസുകളാണ് ഗവർണറുടെ മുന്നിലുള്ളത്. പൊതുജനാരോഗ്യം ഉറപ്പുവരുത്താനുള്ള വാർഷിക പദ്ധതിക്ക് രൂപംനൽകുക, ദേശീയ ആരോഗ്യപദ്ധതി നടപ്പാക്കുക, വിവിധ രോഗങ്ങൾക്ക് ചികിത്സാ പ്രോട്ടോകോൾ പ്രഖ്യാപിക്കുക, ഭക്ഷ്യോൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കുന്നവർക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുക, ചീത്തയായ ഭക്ഷണം പിടിച്ചെടുക്കുക അല്ലെങ്കിൽ നശിപ്പിക്കുക എന്നിങ്ങനെ ഒട്ടേറെ ചുമതലയുണ്ട് അതോറിറ്റിക്ക്.
കേരള ലോകായുക്ത നിയമ ഭേദഗതി, കേരള മാരിടൈം ബോർഡ് ഭേദഗതി, തദ്ദേശഭരണ പൊതുസർവീസ്, കേരള പബ്ലിക് സർവീസ് കമീഷൻ ഭേദഗതി, കേരള സ്വകാര്യ വനം നിക്ഷിപ്തമാക്കലും പതിച്ചുനൽകലും, വ്യവസായ ഏകജാലക ബോർഡും വ്യവസായ ടൗൺഷിപ് വികസനവും, കേരള പൊതുമേഖലാ നിയമന ബോർഡ്, കേരള ജ്വല്ലറി വർക്കേഴ്സ് വെൽഫയർ ഫണ്ട്, കേരള സഹകരണ സൊസൈറ്റീസ് ഭേദഗതി, ലൈവ് സ്റ്റോക്ക് ആൻഡ് പൗൾട്രി ഫീഡ് ആൻഡ് മിനറൽ മിക്സ്ചർ എന്നിവയാണ് മറ്റ് ഓർഡിനൻസുകൾ.
ഇതെല്ലാം സമയമെടുത്ത് പരിശോധിച്ച് ഇതേ ഗവർണർ നേരത്തേ ഒപ്പിട്ടവയാണ്. നിശ്ചിത സമയത്തിനകം സഭയിൽ പാസാക്കാൻ വൈകിയതുമൂലമാണ് പുനർവിജ്ഞാപനം വേണ്ടിവന്നത്. എന്നാൽ, പഠിക്കാൻ സമയം കിട്ടിയില്ലെന്ന ഗവർണറുടെ വാദം യുക്തിരഹിതവും രാഷ്ട്രീയ താൽപ്പര്യത്തോടെയുമാണെന്ന് വ്യക്തം.