തിരുവനന്തപുരം
വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയെ കൊന്ന് പണവുമായി കടന്ന പ്രതി ചെന്നൈയിൽ പിടിയിൽ. കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ മനോരമ(68) യെ സാരിമുറുക്കി കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ പശ്ചിമബംഗാൾ സ്വദേശി ആദം അലി(21) യെ തിങ്കളാഴ്ചയാണ് ആർപിഎഫ് പിടികൂടിയത്. മനോരമ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് 24 മണിക്കൂറിനകമാണ് പ്രതിയെ പിടികൂടിയത്.
ഞായറാഴ്ച ഉച്ചയ്ക്കാണ് കോളേജ് ഓഫ് എഡ്യൂക്കേഷനിൽ നിന്നും വിരമിച്ച മനോരമയെ കൊന്നതെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന്, വൈകിട്ട് ഹൗറ എക്സ്പ്രസിൽ പ്രതി ചെന്നൈയിലേക്ക് കടക്കുകയായിരുന്നു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഉത്തരേന്ത്യയിലേക്കുള്ള ട്രെയിനിൽ ഇയാൾക്ക് കയറാൻ കഴിഞ്ഞില്ല. പിന്നാലെ വന്ന ചെന്നൈയിലേക്കുള്ള തീവണ്ടിയിൽ ഇയാൾ കയറാനുള്ള സാധ്യത പൊലീസ് മുൻകൂട്ടിക്കണ്ടു. തുടർന്ന്, റെയിൽവേ പൊലീസിന്റെ സഹായം തേടുകയായിരുന്നു. പ്രതിയുടെ ഫോട്ടോയും സിസിടിവി ദൃശ്യങ്ങളും വിവിധ റെയിൽവേ സോണുകളിലേക്ക് കൈമാറി. ഈ ചിത്രങ്ങൾ കണ്ടാണ് ചെന്നൈയിൽ ഇറങ്ങിയ പ്രതിയെ ആർപിഎഫ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മെഡിക്കൽ കോളേജ് സിഐ പി ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിലേക്ക് തിരിച്ചു. പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യും. മനോരമയുടെ വീടിനു സമീപത്ത് കെട്ടിടനിർമാണത്തിന് എത്തിയതായിരുന്നു ആദം അലി. കൊലപാതകത്തിനുശേഷം ഇയാൾ മനോരമയെ വലിച്ചിഴച്ച് കിണറിൽ ഇടുന്ന ദൃശ്യം അടുത്ത വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു.