മൂവാറ്റുപുഴ> മൂവാറ്റുപുഴ നഗരസഭയിൽ കോൺഗ്രസ് കൗൺസിലർ പ്രമീള ഗിരീഷ്കുമാറിനെ ഓഫീസ് മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ച കേസിലെ പ്രതികളായ നഗരസഭാ വൈസ് ചെയർപേഴ്സൺ സിനി ബിജു, കൗൺസിലർ ജോയ്സ് മേരി ആന്റണി എന്നിവർക്ക് മുൻകൂർ ജാമ്യം ലഭിച്ചില്ല. ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇരുവരും ചികിത്സയ്ക്കെന്ന പേരിൽ നാലുദിവസം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞെങ്കിലും അറസ്റ്റ് ഭയന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറി.
വിദഗ്ധചികിത്സയ്ക്കെന്ന പേരിലാണ് കോൺഗ്രസ് നേതാക്കൾ ഇടപെട്ട് മാറ്റിയത്. ശാരീരികപ്രശ്നങ്ങളില്ലാത്ത ഇരുവരെയും മൂവാറ്റുപുഴയിലെ ആശുപത്രി അധികൃതർ സംരക്ഷിക്കുന്നുവെന്ന് ആരോപണമുയർന്നിരുന്നു. ഇരുവർക്കുമെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതിനാൽ ഇവിടെ രണ്ട് പൊലീസുകാർ കാവലുണ്ടായിരുന്നു. ആശുപത്രി വിട്ടാൽ അറസ്റ്റുണ്ടാകുമെന്ന് ഉറപ്പായതോടെയാണ് ആലുവയിലെ ആശുപത്രിയിലേക്ക് മാറിയത്. ഇവിടെയും വനിതാ പൊലീസിന്റെ കാവലുണ്ട്.