കോഴിക്കോട്> കലാലയങ്ങളിൽ ജെൻഡർ ന്യൂട്രൽ ആശയം അടിച്ചേൽപിക്കരുതെന്ന് മുസ്ലിം സംഘടനാ നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. കേരളീയ സമൂഹം കുടുംബഘടനക്കും ധാർമിക മൂല്യങ്ങൾക്കും വിലകൽപ്പിക്കുന്നു. കേരളത്തിൽ ഭൂരിഭാഗം ജനങ്ങളും മതവിശ്വാസികളാണ്. വ്യത്യസ്ത ആശയങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യം നൽകലാണ് ജനാധിപത്യം.
മതവിശ്വാസികൾക്ക് അവരുടേതായ ജീവിത മര്യാദകളും വിശ്വാസങ്ങളുമുണ്ട്. അതിനെയെല്ലാം റദ്ദ് ചെയ്ത് ഏകപക്ഷീയമായി കേരളത്തിലെ കലാലയങ്ങളിൽ ലിബറൽ ആശയങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണ്. ലിംഗവിവേചനം അവസാനിപ്പിക്കാൻ ജന്റൽ ന്യൂട്രാലിറ്റിയാണ് വേണ്ടത് എന്ന വാദം സമൂഹത്തെ അരാജകത്വത്തിലേക്കാണ് നയിക്കുക. പാഠ്യപദ്ധതിയിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ജന്റർ ന്യൂട്രൽ ആശയങ്ങളെയാണ് ഞങ്ങൾ ചോദ്യം ചെയ്യുന്നത്. ഇത് കേവല വസ്ത്രത്തിന്റെ മാത്രം വിഷയമല്ല. ഇടതുപക്ഷ സർക്കാർ കലാലയങ്ങളിൽ ലിബറൽ വാദങ്ങളെ നിർബന്ധപൂർവം നടപ്പാക്കാൻ ശ്രമിക്കുന്നതിൽ നിന്ന് സർക്കാർ പിന്മാണമെന്നും കോഴിക്കോട് എംഎസ്എസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.
പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. മുസ്ലീലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. പിഎംഎ സലാം, ഡോ. എം.കെ മുനീർ എംഎൽഎ, സംഘടനാ പ്രതിനിധികളായ ഡോ.ബഹാവുദ്ദീൻ മുഹമ്മദ് നദ്വി കൂരിയാട്, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി.എൻ അബ്ദുൽ ലത്തീഫ് മൗലവി, ടി കെ അഷ്റഫ്, അഡ്വ ഹനീഫ്, സി മരക്കാരുട്ടി, അബ്ദുൽ സലാം വളപ്പിൽ, ഇ പി അഷ്റഫ് ബാഖവി, ശിഹാബ് പൂക്കോട്ടൂർ, പ്രൊഫ. കടവനാട് മുഹമ്മദ്, പി മമ്മദ് കോയ തുടങ്ങിയവർ പങ്കെടുത്തു.