മലപ്പുറം> കള്ളനോട്ടുകളും വ്യാജ ലോട്ടറി ടിക്കറ്റുകളും നിർമ്മിച്ച് വില്പന നടത്തുന്ന സംഘം പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായി. കാസറഗോഡ് ചിറ്റാരിക്കൽ അഷറഫ് , കേച്ചേരി ചിറനെല്ലുർ പ്രജീഷ് എം എസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത് .
ലോട്ടറി വില്പനക്കാരനായ കാട്ടുമാടം സ്വദേശി കൃഷ്ണൻകുട്ടിയിൽനിന്ന് ജുലെെ 30ന് സ്കൂട്ടറിലെത്തിയ രണ്ടുപേർ 2000 രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി കൈമാറി 600 രൂപയുടെ ടിക്കറ്റ് എടുത്തിരുന്നു. 1400 രൂപ ബാക്കി വാങ്ങുകയും ചെയ്തു. ഈ തട്ടിപ്പ് പൊലീസിൽ അറിയിച്ചതിനെ തുടർന്നുള്ള അന്വേഷണണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
പ്രതികളിൽനിന്ന് രണ്ട് മൊബൈൽ ഫോണുകളും 2970 രൂപയും 31 വ്യാജ ലോട്ടറികളും പിടികകൂടി. ഇവർ സഞ്ചരിച്ചിരുന്ന KL51 L1214 എന്ന വ്യാജ രജിസ്ട്രേഷനിലുള്ള TVS എൻഡോർക്ക് വാഹനവും പിടിച്ചെടുത്തു. പ്രജീഷിന്റെ കുന്നംകുളം ആഞ്ഞൂരുള്ള വാടക ക്വാർട്ടേഴ്സിൽനിന്ന് 2000- രൂപയുടെ മറ്റൊരു വ്യാജ കറൻസിയും വ്യാജ ലോട്ടറിയുടേയും നിർമ്മാണത്തിനുപയോഗിക്കുന്ന സാമഗ്രഹികളും കണ്ടെടുത്തു. അഷറഫാണ് കമ്പ്യൂട്ടർ ഉപയോഗിച്ച് വ്യാജ ഇന്ത്യൻ കറൻസിയും വ്യാജ ലോട്ടറി ടിക്കറ്റും നിർമ്മിക്കുന്നത്. ഇരുവരും കള്ളനോട്ട് കേസിൽ നേരത്തെ ജയിൽവാസം അനുഭവിച്ചിടുണ്ട്.