കൊച്ചി> ഡോക്യുമെന്ററി സംവിധായകൻ കോഴിക്കോട് കൊയിലാണ്ടി കലൂർ ഇല്ലത്ത് കെ സതീഷ് (59) അന്തരിച്ചു. ചിന്ത വാരിക സ്ഥാപിത പത്രാധിപസമിതി അംഗം പരേതനായ കെ ഇ കെ നമ്പൂതിരിയുടെയും സാവിത്രി അന്തർജനത്തിന്റെയും മകനാണ്. ദൂരദർശൻ, കൈരളി ടിവി, സി ഡിറ്റ് എന്നിവിടങ്ങളിൽ ഡോക്യുമെന്ററി സംവിധായകനായിരുന്നു. കൈരളി ടിവി മുൻ പ്രോഗ്രാം പ്രൊഡ്യൂസറുമാണ്.
അസുഖബാധിതനായി പുതുവേലിയിലുള്ള ബന്ധുവീട്ടിലായിരുന്നു. കൈരളി ചാനലിൽ ശ്രദ്ധേയമായ ‘കേരള ഡയറി’ എന്ന പരമ്പര സംവിധാനം ചെയ്തു. മലയാളത്തിലെ സമകാലികപ്രശ്നങ്ങളുടെ അപഗ്രഥന പരിപാടികളിൽ വലിയ ചുവടുവയ്പായിരുന്നു ആ പരമ്പര. മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ‘കേരള ഡയറി’ക്ക് ലഭിച്ചു. കൈരളി ചാനലിലെ ജനപ്രിയപരിപാടി ‘അശ്വമേധ’ത്തിന്റെ പ്രാരംഭപ്രവർത്തനങ്ങളിൽ മുഖ്യപങ്കാളിയായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുറീക്കയിൽ എഴുതിയിരുന്നു.
സംസ്കാരം തിങ്കൾ രാവിലെ 10ന് പുതുവേലി പൊത്തോപ്പുറം ഇല്ലത്ത് വളപ്പിൽ. ഭാര്യ: മായ (കവിയൂർ കഴന്നൂർ ഇല്ലം കുടുംബാംഗം). മക്കൾ: തേജസ്വിനി (അസിസ്റ്റന്റ് പ്രൊഫസർ, ചാലക്കുടി നിർമല കോളേജ്), മനസ്വിനി (അസിസ്റ്റന്റ് പ്രൊഫസർ, വളാഞ്ചേരി ശ്രീനാരായണ കോളേജ്). മരുമകൻ: അനന്തുശർമ (കല്ലാവേലിൽ ഇല്ലം, ആണ്ടൂർ, മരങ്ങാട്ടുപള്ളി). സഹോദരങ്ങൾ: പ്രസന്ന, ശശികല.