തിരുവനന്തപുരം> വൃദ്ധയുടെ മൃതദേഹം കിണറ്റിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന പശ്ചിമബംഗാൾ സ്വദേശി ആദം അലി ഒളിവിൽ . ആദം അലിക്കൊപ്പം താമസിച്ചിരുന്ന 5 കസ്റ്റഡിയിലുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ ജി സ്പർജൻകുമാർ പറഞ്ഞു.
കേശവദാസപുരം രക്ഷാപുരി മീനാംകുന്നിൽ വീട്ടിൽ മനോരമ (68) യുടെ മൃതദേഹമാണ് ആളൊഴിഞ്ഞ അടുത്ത വീട്ടിലെ കിണറ്റിൽ കണ്ടെത്തിയത്. കഴുത്തിൽ സാരി മുറുക്കിയിട്ടുണ്ട്. കാലിൽ ചുടുകട്ടകൾ കെട്ടിയിട്ട നിലയിലാണ്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മനോരമയെ കാണാനില്ലെന്ന ഭർത്താവ് ദിനരാജിന്റെ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. ഞായർ രാത്രി പത്തരയോടെ ആൾപ്പാർപ്പില്ലാത്ത വീടിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടത്. മനോരമയുടെ അഞ്ചു പവൻ ആഭരണങ്ങളും വീട്ടിൽനിന്നും 50,000 രൂപയും നഷ്ടമായിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നീരാഞ്ജന ഏകമകളാണ്
ആറുമാസം മുമ്പാണ് ആദം അലി കെട്ടിടം പണിക്കായി മനോരമയുടെ വീടിനടുത്ത് ജോലത്തിയത്. ആദം അലി ഇടക്കി സിം മാറ്റുന്ന ആളാണെന്ന് കൂടെ താമസിച്ചിരുന്നവർ പറഞ്ഞു. ഇന്നലെ രാത്രി മനോരമയുടെ വീട്ടിൽനിന്ന് വലിയ ശബ്ദം കേട്ടതായി സമീപത്തുള്ളവർ പറഞ്ഞു. മനോരമയുടെ ഭർത്താവ് ദിനരാജ് ഇന്നലെ മകളെ കാണാൻ പോയതായിരുന്നു.
കഴുത്തിൽ സാരിമുറുക്കി.. കാലിൽ ചുടുകട്ടകൾ
തിരുവനന്തപുരം> ‘‘പരിസരത്തെ ഒന്നിലധികം കിണറുകൾ ഞങ്ങൾ പരിശോധിച്ചു. ആ തെരച്ചിലിനിടയിലാണ് ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ അവരുടെ മൃതദേഹം കണ്ടെത്തിയത്. പാതാളക്കരണ്ടി ഉപയോഗിച്ച് പൊക്കിയെടുത്തു. കഴുത്തിൽ സാരി മുറുക്കിയ നിലയിലായിരുന്നു. കാലിൽ ചുടുകട്ടകൾ അടുക്കിവച്ച് കെട്ടിയിട്ടിരുന്നു’’–-മനോരമയുടെ മൃതദേഹം കിണറിൽ നിന്നുമെടുത്ത അഗ്നിശമന സേനാംഗം വിഷ്ണുനാരായണന്റെ വാക്കുകളിൽനിന്നറിയാം ക്രൂരതയുടെ ആഴം.
‘‘കിണറ്റിൽ നന്നായി വെള്ളമുണ്ടായിരുന്നു. മൃതദേഹമുള്ളതായി യാതൊരു സൂചനകളും പിടിവലിയോ മറ്റ് അസ്വാഭാവികതകളോ കിണറ്റിലും പരിസരത്തും ഉണ്ടായിരുന്നില്ല. സാരിയായിരുന്നു വേഷം. പരിസരവാസികളിൽ ഒരാൾ ഒരു ‘ഞരക്കം കേട്ടതായി’ പറഞ്ഞിരുന്നു. മറ്റുവിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഞാനും മറ്റൊരു സഹപ്രവർത്തകനും കിണറിലേക്ക് ഇറങ്ങി. നിശ്ചിത അകലത്തിൽ നിന്ന ശേഷമാണ് പാതാളക്കരണ്ടി ഉപയോഗിച്ചത്. മൃതദേഹം കണ്ടപ്പോൾ അതിവിദഗ്ധമായി കൊലപ്പെടുത്തിയ പോലെയാണ് തോന്നുന്നത്–-വിഷ്ണു പറഞ്ഞു. രാജാജി നഗറിലെ അഗ്നിശമന സേനാ യൂണിറ്റാണ് രക്ഷാ പ്രവർത്തനം നടത്തിയത്. എഎസ്ഒ മധുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ വിഷ്ണുനാരായണൻ, അനു, നൂറുദീൻ, അനീഷ്കുമാർ, അഭിലാഷ്, നോബിൾ എന്നിവരുമുണ്ടായിരുന്നു.