തിരുവനന്തപുരം
സംസ്ഥാനത്ത് ബ്ലാക്ക് സ്പോട്ടുകളിലെ ഏറ്റവും ഗുരുതരമായവ (ക്രിട്ടിക്കൽ)യിൽ ഭൂരിഭാഗവും ദേശീയപാതയിൽ. 196 കേന്ദ്രമാണ് വിവിധ ദേശീയപാതകളിലായി നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) കണ്ടെത്തിയത്. സംസ്ഥാനത്ത് 4592 ബ്ലാക്ക് സ്പോട്ട് ഉണ്ടെങ്കിലും 374 എണ്ണമാണ് ക്രിട്ടിക്കൽ പട്ടികയിലുള്ളത്. അപകടം, അപകടമരണം അടിസ്ഥാനമാക്കിയാണ് പട്ടിക.
ക്രിട്ടിക്കൽ ബ്ലാക്ക് സ്പോട്ടിൽ കൂടുതൽ എൻഎച്ച് 66ൽ (പനവേൽ–- കന്യാകുമാരി) ആണ്. തൊട്ടുപുറകിൽ എൻഎച്ച് 744 (കൊല്ലം–-തിരുമംഗലം), എൻഎച്ച് 544 (കൊച്ചി–-സേലം) എന്നിവയുമുണ്ട്.
കോവിഡ് കാലമായിരുന്നിട്ടും സംസ്ഥാനത്ത് കഴിഞ്ഞവർഷം റോഡിൽ 3429 ജീവൻ പൊലിഞ്ഞു. 36,711 പേർക്ക് പരിക്കേറ്റു. അഞ്ചുവർഷമായി മരണത്തിലും പരിക്കിലും എറണാകുളമാണ് മുന്നിൽ. യഥാക്രമം 2100, 28,500. ഇതിൽ 37 ശതമാനം അപകടവും എറണാകുളം സിറ്റിയിലാണ്. ബ്ലാക്ക് സ്പോട്ടിലും മുന്നിൽ എറണാകുളമാണ്–- 703. തിരുവനന്തപുരത്ത് 694, തൃശൂരിൽ 548. മുൻഗണന പട്ടികയിൽ എറണാകുളത്ത് 68 കേന്ദ്രമുണ്ട്. അതിൽ 37ഉം സിറ്റിയിലാണ്. ദേശീയപാതയിൽ 19.