കൊല്ലം > ഗ്രൂപ്പിസം നിയന്ത്രിക്കാനാകാത്ത ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെ ഭാരവാഹി യോഗത്തില് രൂക്ഷവിമര്ശനമുയര്ത്തി സുരേന്ദ്രന് വിരുദ്ധര്. ജനകീയ വിഷയങ്ങളില് ഇടപെടാന് നേതൃത്വത്തിന് കഴിയുന്നില്ല. കേരളത്തില് കോണ്ഗ്രസിനൊപ്പം പോലും എത്താനാകാത്തിന്റെ കാരണം പിടിപ്പുകേടാണ്. ഒപ്പം നില്ക്കുന്നവര്ക്ക് പിരിവുനടത്താന് സൗകര്യമൊരുക്കുന്നത് മാത്രമായി പാര്ടി പ്രവര്ത്തനം മാറിയെന്നും കൊല്ലത്ത് ചേര്ന്ന യോഗത്തില് വിമര്ശനമുയര്ന്നു.
പികെ ക്യഷ്ണദാസിശന്റ അസാന്നിധ്യത്തില് ചേര്ന്ന യോഗത്തില് സംസ്ഥാന വൈസ് പ്രസിഡന്റ് എ എന് രാധാക്യഷ്ണന്, ജനറല് സെക്രട്ടറി എം ടി രമേശ് എന്നിവരടക്കം പങ്കെടുത്തു. കൊല്ലത്ത് നേതൃത്വത്തിന്റെ അംഗീകാരമില്ലാതെ രൂപീകരിച്ച അടല്ജി ഫൗണ്ടേഷനെതിരെ ഔദ്യോഗികപക്ഷത്തെ അംഗങ്ങള് തന്നെ വിമര്ശനമുയര്ത്തി. സംസ്ഥാനത്തെ ഒരു ജില്ലയും നേതൃത്വത്തിന്റെ നിയന്ത്രണത്തിലല്ല. ആരോട് പരാതി പറയണമെന്ന് പ്രവര്ത്തകര്ക്ക് അറിയില്ല. കാസര്കോട്ടും പത്തനംതിട്ടയിലും പരസ്യപ്രതിഷേധം നടത്തിയവരെ നിയന്ത്രിക്കാന് കഴിയുന്നില്ല. ജില്ലാകമ്മിറ്റി ഓഫീസ് ഉപരോധിച്ചിട്ട് എന്തെങ്കിലും ഇടപെടല് നടത്താന് കഴിഞ്ഞോ എന്നും ചോദ്യമുയര്ന്നു.
സംസ്ഥാന പ്രസിഡന്റിന്റെ ശുപാര്ശയില് ഡല്ഹിയില് ചിലര്ക്ക് മാത്രം കാര്യസാധ്യമുണ്ടാകുന്നു. തീവ്രഹിന്ദുത്വത്തിലേക്ക് പോകണമെന്ന നിലപാട് ഭാരവാഹി യോഗത്തില് കെ സുരേന്ദ്രന് ആവര്ത്തിച്ചു. ചിന്തന്ശിബിരത്തിലും ഇതേ ആവശ്യം ഉയര്ത്തിയിരുന്നു. ഇതേച്ചൊല്ലി യോഗത്തില് ഭിന്നതയുണ്ടായി. ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് ഹരി, സംസ്ഥാന സെക്രട്ടറി പ്രകാശ്ബാബു, സന്ദീപ് വാര്യര് എന്നിവരും ചര്ച്ചയില് പങ്കെടുത്തു.
പകല് മുഴുവന് നീളുമെന്ന് പറഞ്ഞിരുന്ന യോഗം വെട്ടിച്ചുരുക്കി ഉച്ചയോടെ അവസാനിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 75–ാം വാര്ഷികാഘോഷം സംഘടിപ്പിക്കുന്നതില് ഇടതുപക്ഷം ഏറെ മുന്നിലാണെന്നും ഇതിനെ തടയിടാന് പരിപാടികള് സംഘടിപ്പിക്കണമെന്നും യോഗത്തില് അഭിപ്രായമുയര്ന്നു.