പാലക്കാട്
അർധരാത്രിയിലും പാലക്കാട് യാക്കര മുറിക്കാവിലെ വീട് ബർമിങ്ഹാമിലെ അലക്സാണ്ടർ സ്റ്റേഡിയമായി. അവിടെ അവരുടെ പ്രിയപ്പെട്ട ശങ്കുവിന്റെ ചാട്ടം ടിവിയിൽ കാണാൻ ഒത്തുകൂടി. ശ്രീശങ്കറിന്റെ അമ്മയും മുൻ കായികതാരവുമായ ബിജിമോൾ, അനിയത്തി ശ്രീപാർവതി എന്നിവർക്കൊപ്പം ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും.
ആദ്യചാട്ടം വളരെ പിറകിൽനിന്നായപ്പോൾ പാർവതി ഉറക്കെ വിളിച്ചുപറഞ്ഞു, “ചേട്ടാ ശ്രദ്ധിക്ക്’. രണ്ടും മൂന്നും ചാട്ടത്തിലും ആരും തൃപ്തരായില്ല. ഇത്തിരികൂടി ശ്രദ്ധിച്ചാൽ ശങ്കു മെഡൽ ഉറപ്പിക്കുമെന്ന് അമ്മയുടെ ആത്മവിശ്വാസം. നാലാമത്തെ ചാട്ടത്തിൽ മികച്ചദൂരം താണ്ടിയപ്പോൾ എല്ലാവരും ആർത്തുവിളിച്ചു. പക്ഷേ ഫൗളിൽ നിരാശയായി. അഞ്ചാംചാട്ടം കണ്ടപാടെ എല്ലാവരും ചാടിയെണീറ്റു. വെള്ളി ഉറപ്പിച്ചതോടെ ആഘോഷമായി. പിന്നെ അവസാനചാട്ടം സ്വർണമാകാനുള്ള പ്രാർഥന. ഫൗൾ വിളി വന്നപ്പോഴേക്കും വിജയഘോഷത്തിന്റെ പടക്കമാലയ്ക്ക് തീപിടിച്ചിരുന്നു.
മധുരവിതരണത്തിനിടെ ബർമിങ്ഹാമിൽനിന്ന് കോച്ചും അച്ഛനുമായ മുരളിയുടെ വിളിയെത്തി. ശങ്കൂന് സന്തോഷമായെന്ന് മുരളി പറഞ്ഞപ്പോൾ എല്ലാവരുടെ മുഖവും വിടർന്നു.