ബീജിങ്
തങ്ങളുടെ കടുത്ത വിലക്കുകളും മുന്നറിയിപ്പുകളും അവഗണിച്ച് തയ്വാനിലെത്തിയ അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിക്ക് ഉപരോധം ഏർപ്പെടുത്തി ചൈന. അവരുടെ കുടുംബാംഗങ്ങൾക്കും വിലക്കുണ്ട്. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ട് രാജ്യത്തിന്റെ പരമാധികാരവും മേഖലയിലെ സമഗ്രതയും തകർക്കാനാണ് പെലോസി ലക്ഷ്യമിട്ടതെന്ന് ചൈനീസ് വിദേശമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഏക ചൈന നയത്തിനു വിരുദ്ധമായി പ്രവർത്തിച്ചതിനെത്തുടർന്ന് അമേരിക്കയുമായുള്ള നയതന്ത്രബന്ധം ചൈന വിച്ഛേദിക്കാൻ ഒരുങ്ങുന്നെന്നും റിപ്പോർട്ടുണ്ട്. ഇരു രാജ്യവും തമ്മിലുള്ള സൈനിക തിയറ്റർ കമാൻഡർമാരുടെ ചർച്ച, പ്രതിരോധനയ ഏകോപന ചർച്ച, മിലിട്ടറി മാരിടൈം കൺസൾട്ടേറ്റീവ് എഗ്രിമെന്റ് എന്നിവ റദ്ദാക്കി. അനധികൃത കുടിയേറ്റക്കാരെ തിരിച്ചെത്തിക്കാനുള്ള സഹകരണം, അതിർത്തി കടന്നുള്ള ക്രിമിനൽ കേസുകളിൽ നിയമസഹായം ലഭ്യമാക്കാനുള്ള സഹകരണം, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള ചർച്ചകൾ എന്നിവയും നിർത്തി.
തയ്വാനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് പെലോസി
തയ്വാൻ സന്ദർശനത്തിനുശേഷവും ചൈനയെ പ്രകോപിപ്പിക്കുന്നതു തുടർന്ന് അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി.
തയ്വാനെ ഒറ്റപ്പെടുത്താൻ ചൈനയെ അനുവദിക്കില്ല. അമേരിക്കൻ രാഷ്ട്രീയനേതാക്കൾ ദ്വീപ് സന്ദർശിക്കുന്നതിൽനിന്ന് ചൈനയ്ക്ക് തടയാനാകില്ല–- അവർ ടോക്യോയിൽ പറഞ്ഞു.
അടുത്ത് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയനേട്ടത്തിനായാണ് പെലോസി തയ്വാൻ സന്ദർശിച്ചതെന്ന ആരോപണവും ശക്തമാണ്. ഉൾക്കടലിൽ സൈനിക പ്രകോപനം വർധിപ്പിക്കാൻ പെലോസിയുടെ സന്ദർശനം ചൈന ആയുധമാക്കിയെന്നും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആരോപിച്ചു.