ചോക്ലേറ്റ് കാമുകൻ പരിവേഷത്തിൽനിന്ന് കുഞ്ചാക്കോ ബോബനെന്ന മലയാളിയുടെ സ്വന്തം ചാക്കോച്ചൻ പകർന്നാടിയപ്പോൾ മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞ വേഷങ്ങൾ നിരവധി. സ്വയം മിനുക്കലുകളിലൂടെ സ്വന്തം സ്ഥാനം എന്നും ഉറപ്പിച്ച നടൻ. ഒരോ വേഷവും മറ്റൊന്നിനോട് സാദൃശ്യമില്ലാത്തത്. ഏറ്റവുമൊടുവിൽ ഉത്സവപ്പറമ്പിലെ നൃത്തത്തിലൂടെ വീണ്ടും പാട്ടിലൂടെ മാനറിസങ്ങളുടെ മായികലോകം കൊണ്ട് സിനിമാ പ്രേമികളുടെ പ്രശംസക്ക് ഇടംപിടിച്ചു. അഭ്രപാളികളിലെ വേഷപ്പകർച്ചകൾകൊണ്ട് എന്നും വിസ്മയം തീർക്കുന്ന ചാക്കോച്ചൻ മനസുതുറക്കുന്നു
ഗൗരവമുള്ള കഥാപാത്രങ്ങളിലേക്കുള്ള യാത്ര
ആഗ്രഹിച്ചൊരു മാറ്റമായിരുന്നു അത്. അതിന് വേണ്ടി കഷ്ടപ്പെടുന്നതിന്റെ ഫലമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. നായാട്ടിലെ കഥാപാത്രം ഞാൻ ചോദിച്ചു വാങ്ങിയതാണ്. പക്ഷെ പടയിലെ കഥാപാത്രം എന്റെ അടുത്തേക്ക് വന്നതാണ്. ഞാൻ ആഗ്രഹിച്ചിരുന്ന കഥാപാത്രങ്ങൾ എന്നെ തേടി എത്തുന്നുണ്ട് ഇപ്പോൾ. ഒരു കാലഘട്ടത്തിൽ ചെയ്തിരുന്ന സിനിമകളിൽ നിന്നും നേരെ വിപരീതമായ സിനിമകളുടെ ഭാഗമാകാൻ കഴിയുന്നത് ഏറെ സന്തോഷമുണ്ട്.
ഉദയാ സ്റ്റുഡിയോ?
ഒരു ഇടവേളയ്ക്ക് ശേഷം “അറിയിപ്പ്’ എന്ന സിനിമയിലൂടെയാണ് ഉദയയുടെ ബാനർ വീണ്ടും പ്രൊഡക്ഷനിലേക്ക് എത്തുന്നത്. മഹേഷ് നാരായണൻ, ഷെബിൻ ബക്കർ പിന്നെ ഞാനും ചേർന്നാണ് അറിയിപ്പിന്റെ പ്രൊഡക്ഷൻ. 75ാമത് ലൊക്കാർണോ ചലച്ചിത്രമേളയിൽ അറിയിപ്പ് തെരഞ്ഞെടുത്തിട്ടുണ്ട്. ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിൽ നിന്നൊരു സിനിമ ലൊക്കാർണോ ചലച്ചിത്ര മേളയിൽ കോമ്പറ്റിറ്റീവ് സെഗ്മെന്റിൽ മത്സരിക്കുന്നത്. “അറിയിപ്പി’ന് അഞ്ച് മത്സര വിഭാഗത്തിൽ നോമിനേഷനുണ്ട്. ഏറ്റവും സന്തോഷം നൽകുന്ന നിമിഷമാണ് ഇത്.
ജീവിതത്തിലെ ആദ്യത്തെ അനുഭവം. സിനിമ വേണ്ട എന്നു പറഞ്ഞ സിനിമാ കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. എന്റെ അച്ഛനും മുത്തച്ഛനും നൽകാൻ കഴിയുന്ന സമ്മാനങ്ങളിൽ ഒന്നാണ് അത്. “ന്നാ താൻ കേസ് കൊട്’ സിനിമയുടെ കോ പ്രൊഡക്ഷനിലും ഉദയ ഉണ്ട്. എന്റെ മനസിനോട് ചേർന്ന് നിൽക്കുന്ന ഒരു സിനിമയാണ് “ന്നാ താൻ കേസ് കൊട്’. ഇങ്ങനെ വ്യത്യസ്തമായ സിനിമയുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് ഉദയ. സിനിമ മേഖലയിൽ ഉദയ ഇനി ഉണ്ടാകും. അടുത്ത വർഷം വലിയ ഒരു ബിഗ് ബജറ്റ് സിനിമ ഉദയയുടെ ബാനറിൽ വരും.
റിയലിസ്റ്റിക്ക് സിനിമകൾക്ക് ആയുസ് ഇല്ലേ?
സിനിമയിലൂടെ ആളുകളെ എന്റർടെയിൻചെയിക്കുകയാണ് പ്രധാനം. ഞാൻ എല്ലാത്തരം സിനിമകളുടെയും ഭാഗമായിട്ടുണ്ട്. ഞാൻ ചെയ്ത സിനിമകളുടെ ട്രാക്ക് നോക്കുകയാണെങ്കിൽ ആദ്യ സിനിമ അനിയത്തിപ്രാവ് ഇൻഡസ്ട്രിയൽ ഹിറ്റ് ആയിരുന്നു. കൂടാതെ ക്യാമ്പസ് സിനിമകൾക്കും തുടക്കം കുറിച്ചു. വർഷങ്ങൾക്ക് ശേഷം ട്രാഫിക്ക് എന്ന സിനിമയിലൂടെ ന്യൂജൻ സിനിമകൾക്ക് വേറെ ഒരു ഡയറക്ഷൻ നൽകി. ഹൗ ഓൾഡ് ആർ യു, ടേക്ക് ഓഫ് പോലെയുള്ള സ്ത്രീ പ്രാധാന്യമുള്ള സിനിമകളുടെ ഭാഗമായി.
ക്രൈം ത്രില്ലർ പാതയിലേക്ക് കൊണ്ടു പോകുന്ന അഞ്ചാം പാതിരയുടെ ഭാഗമായി. അത്തരത്തിൽ ഓരോ കാലഘട്ടത്തിൽ അതിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവന്ന സിനിമകളുടെ ഭാഗമായിട്ടുണ്ട്. ആത്യന്തികമായി എന്റർടെയിനിങ് ആണോ എന്നുള്ളതാണ് പ്രധാനം. കമേർഷ്യൽ അല്ലെങ്കിൽ റിയലിസ്റ്റിക്ക് സിനിമ എന്നുള്ളതിനുപരി എത്രത്തോളം ആളുകളുടെ മനസിൽ പതിഞ്ഞിരിക്കുന്നുണ്ട് എന്നുള്ളത് പ്രധാനമാണ്. ഈ രണ്ടു വിഭാഗവും അത് ചെയ്യുന്നുണ്ട് എന്നാണ് വിശ്വാസം. പ്രേക്ഷകരുടെ അഭിരുചികളും ഒത്തിരി അധികം മാറിയിട്ടുണ്ട്.
“ന്നാ താൻ കേസ് കൊട്’
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന സിനിമയാണ് “ന്നാ താൻ കേസ് കൊട്’. കള്ളനായിരുന്ന ഒരാളുടെ കഥയാണ് സിനിമ പറയുന്നത്. നമ്മുടെ നാട്ടിൻ പുറവും സാധാരണ മനുഷ്യരും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും ആക്ഷേപഹാസ്യരൂപത്തിൽ അവതരിപ്പിക്കുകയാണ്. കൂടുതലും പുതുമുഖങ്ങളാണ് സിനിമയിൽ ഉള്ളത്. പിന്നെ കാസർഗോഡുള്ള സാധാരണക്കാരായ നാട്ടുകാരും.
“ദേവദൂതർ പാടി’യത് പ്രതീക്ഷ കൂട്ടിയോ
ഈ പാട്ടിനോട് ആളുകൾക്ക് സ്നേഹമുണ്ട്. അത്രയും നൊസ്റ്റാൾജിക്ക് ആയ മനോഹരമായ ഒരു പാട്ടാണ്. ആ പാട്ടിനെ വേറെ ഒരു തലത്തിൽ അവതരിപ്പിക്കാനാണ് ശ്രമിച്ചത്. അത് ജനങ്ങൾ ഏറ്റെടുത്തു. സിനിമ കാണാൻ ആളുകളെ പ്രേരിപ്പിക്കാൻ ഈ പാട്ടുകൊണ്ട് സഹായിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.
കഥാപാത്രങ്ങളിലേക്കുള്ള മാറ്റം
കഥാപാത്രത്തിലേക്ക് എത്താനായി ശാരാരികമായും മാനസികമായുമുള്ള തയ്യാറെടുപ്പാണ് പ്രധാനം.”ന്നാ താൻ കേസ് കൊട്’ സിനിമയ്ക്ക് കാസർഗോഡ് ഭാഷ പഠിക്കാൻ ഏറെ ബുദ്ധിമുട്ടിയിട്ടുണ്ട്. കൂടുതലും കാസർഗോഡ്, കണ്ണൂർ ഭാഗത്തുള്ള ആളുകളുമായി ഇടപഴകിയത് കൊണ്ട് സ്ലാങ് പഠനം എളുപ്പമായി. “ദേവ ദൂതർ പാടി’എന്ന പാട്ടിൽ ആ ഡാൻസ് ചെയ്തത് കൊണ്ട് മാത്രമാണ് നായകനെ തിരിച്ചറിഞ്ഞത്. അല്ലായിരുന്നെങ്കിൽ ആൾക്കൂട്ടത്തിനിടയിലെ ഒരു സാധാരണക്കാരനായി തന്നെ തോന്നുമായിരുന്നു. അതിന് വേണ്ടിയുള്ള കൃത്യമായ രൂപമാറ്റം വരുത്തിയിട്ടുണ്ട്.
മുമ്പ് “നായാട്ട്’ സിനിമയ്ക്ക് വേണ്ടി പ്രൊഫഷണൽ വടം വലിക്കരുടെ കൂടെ പരിശീലനം നടത്തിയിട്ടുണ്ട്. കൃത്യമായ ട്രെയിനിങ്ങാണ് അതിന് വേണ്ടി ചെയ്തിട്ടുള്ളത്. വരാനിരിക്കുന്ന അറിയിപ്പ് എന്ന സിനിമയ്ക്ക് വേണ്ടി ഉറക്കം നാല് മണിക്കൂറാക്കി ചുരുക്കിയായിരുന്നു. കഥാപാത്രം ആവശ്യപ്പെടുന്നതാണ് അത്. സ്വയം അറിഞ്ഞും സംവിധായകരുടെ നിർദേശ പ്രകാരവും സിനിമയ്ക്ക് വേണ്ടി ഭാഷാപഠനവും ശാരീരിക മാറ്റവും എല്ലാം വരുത്താറുണ്ട്.
സിനിമയിൽ പൊളിറ്റിക്കൽ കറക്ട്നസ് വേണ്ടേ?
നമ്മുടെ സമൂഹത്തിൽ ക്ഷമ എന്നത് കുറഞ്ഞു വരുന്ന അവസ്ഥയാണ് ഉള്ളത്. ക്രിയേറ്റർ വിചാരിക്കാത്തരീതിയിൽ പോലും കാര്യങ്ങളെ വളച്ചൊടിക്കുന്ന സാഹചര്യമുണ്ട്. ഇതിൽ എന്ത് ആനന്ദമാണ് കണ്ടെത്തുന്നത് എന്ന് മാത്രം മനസിലാകുന്നില്ല. പൊളിറ്റിക്കൽ കറക്ട്നസ് എന്നതിലുപരി നമ്മൾ നമ്മളെ തന്നെ തിരുത്തുകയാണ് ആത്യന്തികമായി വേണ്ടത്. സിനിമയിലും ഇവ പ്രതിഫലിക്കണം.