കോട്ടയം> ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച കാര്‍ വഴി തെറ്റി ഒഴുക്കില്‍പെട്ടു. തോട്ടിലൂടെ ഒഴുകിയ കാര്‍ നാട്ടുകാര്‍ പിടിച്ചുകെട്ടിയതോടെ കുടുംബം അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രാത്രി വൈകി എറണാകുളത്തുനിന്നു യാത്ര തിരിച്ച കുടുംബം ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ സഞ്ചരിക്കുന്നതിനിടെ തിരുവാതുക്കല്‍ നിന്ന് വഴിതെറ്റിയാണ് പാറേച്ചാലില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.|
തിരുവാതുക്കല്‍-നാട്ടകം സിമിന്റുകവല ബൈപാസിലൂടെ പാറേച്ചാല്‍ ബോട്ടുജെട്ടിയുടെ ഭാഗത്തേക്കാണ് കാര്‍ നീങ്ങിയത്. ഈ ഭാഗത്ത് റോഡില്‍ ഉള്‍പ്പെടെ കുത്തൊഴുക്കായിരുന്നു. റോഡും തോടും തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.
6 മാസം പ്രായമുള്ള കുഞ്ഞും കാറിലുണ്ടായിരുന്നു. എറണാകുളത്തുനിന്നു തിരുവല്ലയിലേക്ക് യാത്ര ചെയ്ത കുമ്പനാട് സ്വദേശികളായ ഡോ.സോണിയ (32), അമ്മ ശോശാമ്മ (65), സഹോദരന് അനീഷ് (21), സോണിയയുടെ 6 മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണു കാറിലുണ്ടായിരുന്നത്.