തിരുവനന്തപുരം
സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം വിപുലമായി ആഘോഷിക്കാൻ നവോത്ഥാനമൂല്യ സംരക്ഷണ സമിതി പൊതുയോഗം തീരുമാനിച്ചു. സംസ്ഥാനതല പരിപാടി 15ന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമിതിയെ രജിസ്റ്റേർഡ് സംഘടനയാക്കി പ്രവർത്തിക്കാനും യോഗത്തിൽ തീരുമാനമായി. ഇതിന് തയ്യാറാക്കിയ കരട് നിയമാവലി അംഗങ്ങൾക്ക് കൈമാറി.
കരട് സംബന്ധിച്ച അഭിപ്രായം ക്രോഡീകരിക്കാനും പരിശോധിക്കാനും സമിതി ചെയർമാൻ വെള്ളാപ്പള്ളി നടേശൻ അധ്യക്ഷനായും മുൻ എംപി കെ സോമപ്രസാദ് കൺവീനറായും ആറംഗ സബ് കമ്മിറ്റി രൂപീകരിച്ചു. 15 വരെ സബ് കമ്മിറ്റിക്ക് നിർദേശം സമർപ്പിക്കാം. 15ന് സമിതി യോഗം ചേർന്ന് തുടർനടപടി തീരുമാനിക്കും.
തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യത്തിന്റെ 75––ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി 13, 14, 15 തീയതികളിൽ വീടുകളിൽ ദേശീയ പതാക ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. കഴിയാവുന്നത്ര പേർ ഇതിൽ പങ്കാളികളാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ സമിതി ചെയർമാനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ അധ്യക്ഷനായി. ധനമന്ത്രി കെ എൻ ബാലഗോപാൽ, മുൻ എംപി കെ സോമപ്രസാദ്, കെ ശാന്തകുമാരി എംഎൽഎ, പുന്നല ശ്രീകുമാർ, പി രാമഭദ്രൻ, പി ആർ ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു.