തിരുവനന്തപുരം
കിഫ്ബി ഇടപാടിൽ ഇഡി നോട്ടീസ് ലഭിച്ചെങ്കിലും ഹാജരാകുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മുൻധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ഇഡിയുടെ ലക്ഷ്യം എന്താണെന്ന് അറിയില്ല. അഭിഭാഷകരോട് ചോദിച്ചശേഷം 11ന് ഹാജരാകുന്നതിൽ തീരുമാനമെടുക്കും. കോടതിയെ സമീപിക്കുന്നതിൽ നിയമസാധ്യത ആരായും.
വിദേശ നാണ്യവിനിമയ ചട്ടങ്ങൾ കിഫ്ബി ലംഘിച്ചിട്ടില്ല. ഇതാണ് തനിക്കെതിരെ ഉന്നയിക്കാൻ ശ്രമിക്കുന്നത്. സമൻസ് അയച്ച് വിരട്ടാനാണ് നോട്ടം. ഇഡിക്ക് നിയമപരമായ മറുപടി ഉടൻ നൽകും. മസാല ബോണ്ടിൽ കിഫ്ബി ഏതെങ്കിലും നിയമം ലംഘിച്ചതായി ആർബിഐ പറഞ്ഞിട്ടില്ല. കേസെടുക്കാനുള്ള ശ്രമം പീഡിപ്പിക്കാൻമാത്രമാണെന്ന് വ്യക്തമാണ്.
ആളുകളെ വിരട്ടാൻ യുക്തിയില്ലാത്ത കാര്യങ്ങൾ അന്വേഷിക്കുന്ന നിലയിലേക്ക് ഇഡി തരംതാണു. ഹാജരാകാനുള്ള രണ്ടാമത്തെ നിർദേശം ഇ–-മെയിലിലാണ് ലഭിച്ചത്. ആദ്യ സമൻസും വൈകിയാണ് കിട്ടിയത്. വരവുചെലവ് രേഖകളുമായി ഹാജരാകാനാണ് ആദ്യം നിർദേശിച്ചിരുന്നത്.
അസംബന്ധം മനസ്സിലാക്കിയിട്ടാകാം പുതിയ സമൻസിൽ ഇതില്ല. പത്തുവർഷത്തെ അക്കൗണ്ട് വിവരങ്ങൾ, ആർജിച്ച സ്വത്ത്, വിദേശത്തുനിന്നുള്ള പണം വരവ്, താൻ ഡയറക്ടറായ കമ്പനികൾ, വിദേശത്തുനിന്ന് വാങ്ങിയ പണം തുടങ്ങിയ വിശദാംശങ്ങളാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇതു നൽകാൻ സമയമെടുക്കുമെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു.