തിരുവനന്തപുരം
യുഡിഎഫിനും ബിജെപിക്കും കേരളത്തിൽ ഭാവി അധോഗതിയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസ് അനാഥപ്രേതത്തിന്റെ അവസ്ഥയിലായി, രാജ്യത്ത് എങ്ങുമില്ല. എല്ലായിടത്തും കോൺഗ്രസിനെ ബിജെപി പിടിച്ചുകൊണ്ടുപോകുകയാണ്. കേരളത്തിൽ വന്നവനും പോയവനുമെല്ലാം ഗ്രൂപ്പുണ്ടാക്കി.
കേരളം ഭരിക്കാൻ കൊള്ളാവുന്ന കരുത്തനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. രാഷ്ട്രീയ ലക്ഷ്യമിട്ട് കേരളത്തിൽ നടത്തിയ സമരങ്ങൾ എങ്ങുമെത്തിയില്ല. ചില താൽപ്പര്യങ്ങൾക്കായി വിവാദങ്ങളുണ്ടാക്കിയിട്ടും ജനം ഇടതുപക്ഷത്തിനൊപ്പം നിന്നെന്നും തിരുവനന്തപുരത്ത് മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു.
ശബരിമല സമരം നിർഭാഗ്യകരമായിപ്പോയി. എന്തിന് വേണ്ടിയായിരുന്നു സമരം. പത്ത് ആളെക്കിട്ടുമെന്നു കണ്ട് ചാടിയതാണ്. എന്നാൽ, പാവപ്പെട്ടവർ പെൻഷനും കിറ്റും നൽകിയ പിണറായി സർക്കാരിനൊപ്പമായിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന പറയുന്നത് അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല. വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിടേണ്ടതില്ല. കെ ടി ജലീൽ മാന്യനായ രാഷ്ട്രീയക്കാരനാണ്. സുകുമാരൻ നായർക്ക് തമ്പ്രാൻ മനോഭാവമാണെന്നും എസ്എൻഡിപി –- എൻഎസ്എസ് ബന്ധം ചത്തകുട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാനമൂല്യ സംരക്ഷണസമിതിയിൽനിന്ന് പുന്നല ശ്രീകുമാർ രാജിവച്ചെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്നും എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പ് നടത്താൻ ഒരുക്കമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.