ലണ്ടൻ/പാരിസ്/ബർലിൻ
രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം യൂറോപ്പിൽ വീണ്ടും പന്തുകാലം. ഇംഗ്ലണ്ടിലും ഫ്രാൻസിലും ജർമനിയിലും ഇന്ന് ലീഗുകൾക്ക് തുടക്കമാകും. സ്പെയ്നിൽ 12നും ഇറ്റലിയിൽ 13നുമാണ് കിക്കോഫ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അഴ്സണൽ–-ക്രിസ്റ്റൽ പാലസിനെ നേരിടും. രാത്രി 12.30നാണ് മത്സരം. മൈക്കേൽ അർടേറ്റയ്ക്കുകീഴിൽ യുവനിരയുമായാണ് അഴ്സണൽ എത്തുന്നത്. ഗബ്രിയേൽ ജെസ്യൂസ്, ഒലെക്സാണ്ടർ സിൻചെകോ, ഫാബിയോ വെയ്റ തുടങ്ങിയവരെ കരാർവിപണിയിൽനിന്ന് എത്തിച്ചു. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഞായറാഴ്ച വെസ്റ്റ്ഹാം യുണൈറ്റഡിനെ നേരിടും. ലിവർപൂളിന് നാളെ ഫുൾഹാമുമായാണ് കളി. ചെൽസി എവർട്ടണെയും നേരിടും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഞായറാഴ്ച ബ്രൈറ്റണുമായി ഏറ്റുമുട്ടും. ആകെ 20 ടീമുകളാണ്. ഒരു ടീമിന് 38 മത്സരം. മെയ് 28നാണ് അവസാന റൗണ്ട് കളികൾ.
ല്യോൺ–-അയാകിയോ പോരാട്ടത്തോടെയാണ് ഫ്രഞ്ച് ലീഗിന് തുടക്കമാകുന്നത്. ചാമ്പ്യൻമാരായ പിഎസ്ജി നാളെ രാത്രി ക്ലെമന്റ് ഫൂട്ടിനെ നേരിടും. ലയണൽ മെസി–-നെയ്മർ–-കിലിയൻ എംബാപ്പെ ത്രയത്തിലാണ് ഇത്തവണയും പിഎസ്ജിയുടെ പ്രതീക്ഷ. 20 ടീമുകളിൽ ഓരോ ക്ലബ്ബിനും 38 കളിയാണ്.
ജർമനിയിൽ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക് ഇന്ന് രാത്രി 12ന് ഐൻട്രാക്ട് ഫ്രാങ്ക്ഫുർട്ടിനെ നേരിടും. റോബർട്ട് ലെവൻഡോവ്സ്കിക്ക് പകരം സാദിയോ മാനെ എത്തിയതാണ് ബയേണിലെ വിശേഷം. ബൊറൂസിയ ഡോർട്മുണ്ട് നാളെ ബയേർ ലെവർകൂസനുമായി ഏറ്റുമുട്ടും. ആകെ 18 ടീമുകളാണ് ലീഗിൽ. ഒരു ക്ലബ്ബിന് 34 കളി. അവസാന റൗണ്ട് മെയ് 27ന്.