ബർമിങ്ഹാം
അലക്സാണ്ടർ സ്റ്റേഡിയത്തിൽ തേജസ്വിൻ ശങ്കർ ഇന്ത്യൻ അത്-ലറ്റിക്സിലെ പുതിയ അധ്യായമാണ് എഴുതിച്ചേർത്തത്. കോമൺവെൽത്ത് ഗെയിംസ് ഹെെജമ്പിലെ ആദ്യ ഇന്ത്യൻ മെഡൽ. അതിലേക്കുള്ള വഴി എളുപ്പമായിരുന്നില്ല. വെങ്കല മെഡൽ അണിഞ്ഞശേഷം ആ നേട്ടം സമർപ്പിച്ചത് പരിശീലകൻ ക്ലിഫ് റോവെൾട്ടോയ്ക്കാണ്. പിന്നെ അമ്മയ്ക്കും.
കോടതി വിധിയിലൂടെയാണ് തേജസ്വിൻ ഗെയിംസിനെത്തിയത്. കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ അത്-ലീറ്റുകളുടെ പട്ടികയിൽ ആദ്യം ഇരുപത്തിമൂന്നുകാരനെ ഇന്ത്യൻ അത്-ലറ്റിക് ഫെ-ഡറേഷൻ ഉൾപ്പെടുത്തിയില്ല. ചെന്നെെയിൽ നടന്ന സീനിയർ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തില്ലെന്നതാണ് കാരണമായി പറഞ്ഞത്. അതേസമയം, ഗെയിംസിനുള്ള യോഗ്യതാ മാർക്കായ 2.27 മീറ്റർ ഒറിഗോണിൽ നടന്ന ചാമ്പ്യൻഷിപ്പിൽ തേജസ്വിൻ കുറിക്കുകയും ചെയ്തു. ഇതൊന്നും പക്ഷേ, ഫെഡറേഷന് മതിയായില്ല. ഒഴിവാക്കിയ തീരുമാനത്തെ തേജസ്വിൻ കോടതിയിൽ ചോദ്യം ചെയ്തു. ഡൽഹി ഹെെക്കോടതി അനുകൂലമായി വിധിയെഴുതി. ഒടുവിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അനുമതി നൽകി. ഹെെജമ്പ് മത്സരത്തിന് അഞ്ച് ദിവസംമുമ്പ് മാത്രമാണ് ടീമിൽ ഇടംകിട്ടിയത്. ഗെയിംസിന് ഒരു ദിവസം മുമ്പായിരുന്നു വിസ കിട്ടിയത്.
കളത്തിൽ തേജസ്വിൻ എല്ലാംമറന്നു. ഹെെജമ്പ് പിറ്റിൽ ബാറിന് മുകളിലൂടെ പറക്കുന്നതുമാത്രം സ്വപ്നം കണ്ടു. ആദ്യ ഉയരമായ 2.10 മീറ്ററിൽ അൽപ്പം പരിഭ്രമമുണ്ടായിരുന്നു. പിന്നെ 2.15, 2.19 ഒടുവിൽ 2.22. എല്ലാ ഉയരവും ആദ്യശ്രമത്തിൽത്തന്നെ മറികടന്നു. 2.25ൽ ആദ്യ രണ്ട് ശ്രമവും പരാജയപ്പെട്ടു. വെങ്കലം ഉറപ്പിച്ചശേഷം 2.28ലേക്ക് ഒരു ശ്രമം നടത്തിയെങ്കിലും മറികടക്കാനായില്ല. ന്യൂസിലൻഡിന്റെ ഹാമിഷ് കെർ 2.25 മീറ്ററിൽ സ്വർണം നേടി. ഓസ്ട്രേലിയയുടെ ബ്രണ്ടൻ സ്റ്റാർക്കിനാണ് വെള്ളി.
ജൂനിയർതലംമുതൽ തേജസ്വിൻ മികവുകാട്ടി. 2015ലെ കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ സ്വർണം നേടി. അടുത്തവർഷം സാഫ് ഗെയിംസിൽ വെള്ളി. പരിക്കുകാരണം 2016ലെ ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ മങ്ങി. ലോക ജൂനിയർ ചാമ്പ്യൻഷിപ് നഷ്ടമായി. പതിനേഴാംവയസ്സിൽ ഹെെജമ്പിലെ ദേശീയ ജൂനിയർ റെക്കോഡ് തിരുത്തി. ഹരിശങ്കർ റോയിയുടെ 12 വർഷം പഴക്കമുള്ള റെക്കോഡാണ് മായ്ച്ചത്.
2018ലെ കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടാനാകാത്തതിൽ നിരാശയുണ്ടായിരുന്നു തേജസ്വിന്. ആറാംസ്ഥാനമാണ് കിട്ടിയത്. ആ വർഷംതന്നെ ഏറ്റവും മികച്ച ഉയരവും കണ്ടു. കൻസാസ് സ്റ്റേറ്റ് അത്-ലറ്റിക്സിൽ 2.29 മീറ്റർ ഉയരമാണ് താണ്ടിയത്. 2017ലാണ് കൻസാസിൽ എത്തുന്നത്. നാല് വർഷത്തെ അത്-ലറ്റിക്സ് സ്കോളർഷിപ്. അമേരിക്കയിലെ നാല് വർഷമാണ് തേജസ്വിനെ മികച്ച താരമാക്കി മാറ്റിയത്. പരിശീലകൻ റോവെൾട്ടോ നിർണായക സാന്നിധ്യമായി. അടുത്തവർഷത്തെ ഏഷ്യൻ ഗെയിംസാണ് തേജസ്വിന്റെ അടുത്തലക്ഷ്യം. ഡെക്കാത്തലണിൽ മത്സരിക്കണമെന്നും തേജസ്വിൻ പറയുന്നു.
തമിഴ് വംശജനായ തേജസ്വിൻ ഡൽഹിയിലാണ് ജനിച്ചത്. അച്ഛൻ ഹരിശങ്കർ വക്കീലായിരുന്നു. 2014ൽ അർബുദത്തെ തുടർന്ന് മരിച്ചു. തുടർന്ന് അമ്മയാണ് അത്ലറ്റിക്സ് ജീവിതത്തിന് വെളിച്ചമായത്.