കൊച്ചി> കായികരംഗത്തിന് അർഹമായ പരിഗണന കേന്ദ്രം നൽകണമെന്ന് ജോണ് ബ്രിട്ടാസ് എം പി. ദേശീയ ഉത്തേജക ഉപയോഗ നിരോധന ബില്ലിന്മേലുളള ചര്ച്ചയില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഷണല് ഡോപ് ടെസ്റ്റിംഗ് ലാബിന്റെ അംഗീകാരം അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി സസ്പന്റ് ചെയ്ത സംഭവം രാജ്യത്തിന് നാണക്കേടായെന്നും അപ്രകാരം സംഭവിക്കാതിരിക്കാൻ കേന്ദ്ര ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും എന്ത് നടപടി ഉണ്ടായെന്നും അദ്ദേഹം സഭയില് ചോദിച്ചു. 100 കോടിയിലധികം ജനങ്ങളുള്ള നമ്മുടെ രാജ്യത്തിന് ലഭിക്കുന്ന മെഡലുകളുടെ എണ്ണം ആനുപാതികമായി വളരെ കുറവാണ്. ഇതിന് കാരണമെന്താണെന്ന് പരിശോധിക്കുകയും നമ്മുടെ കായിക താരങ്ങള്ക്ക് ആവശ്യമായ പ്രോത്സാഹനങ്ങള് നല്കി കൂടുതൽ മെഡലുകൾ നേടുന്നതിനു വേണ്ട സാഹചര്യം ഉണ്ടാക്കുകയും ചെയേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ കായിക വികസന ഫണ്ടിന് കഴിഞ്ഞ വർഷം 25 കോടി രൂപ അനുവദിച്ചിരുന്നത് ഇപ്പോള് 16 കോടി മാത്രമാക്കി ചുരുക്കിയത് കായിക രംഗത്തെ സാരമായി ബാധിക്കും. അതുപോലെ ഈ വർഷത്തെ ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്ന ചെലവിന്റെ വെറും 0.07% മാത്രമാണ് യുവജനക്ഷേമ കായികമന്ത്രാലയത്തിന് വകയിരുത്തിയിരിക്കുന്നത്. ഇതിലും അധികം തുക പല ചെറു രാജ്യങ്ങളും കായികമേഖലയ്ക്കായി വകയിരുത്തുന്നുണ്ട്. സ്പോര്ട്സ് ഫെഡറേഷനുകളിലെ രാഷ്ട്രീയ അതിപ്രസരവും, അഴിമതിയും കെടുകാര്യസ്ഥതയും അവയുടെ അംഗീകാരം വരെ നഷ്ടമാകാന് കാരണമാകുന്നുണ്ട്. വൻതോക്കുകളാണ് പല കായിക സംഘടനകളുടേയും തലപ്പത്തുള്ളതെന്നതിനാൽ കായിക മന്ത്രിക്ക് ഇതില് പ്രത്യേകിച്ചൊന്നും ചെയ്യാനാകുന്നില്ല.നമ്മുടെ രാജ്യത്ത് ക്രിക്കറ്റ് പോലെ മറ്റ് കായിക ഇനങ്ങള്ക്കും പ്രധാന്യം നല്കേണ്ടതുണ്ട്. സ്പോര്ട്സ് മെഡിസിനില് കേന്ദ്രം കൂടുതല് ശ്രദ്ധ പതിപ്പിക്കണം.
സ്പോര്ട്സ് മെഡിസിനില് കേരളത്തിന്റെ പരമ്പരാഗത ചികിത്സാ രീതിയായ ആയുര്വേദത്തിന് കൂടുതല് പ്രാധാന്യം നല്കണം. കുട്ടിക്കാലത്ത് തന്നെ ഹോര്മോണ് അപര്യാപ്തത കണ്ടെത്തി ചികിത്സിച്ചത് കൊണ്ടാണ് മെസ്സിയെ പോലൊരു ലോകോത്തര താരം ഉണ്ടായത്. നമ്മുടെ കായിക താരങ്ങളുടെ ആരോഗ്യവും പരിപാലനവും നമ്മുടെ ഉത്തരവാദിത്വമാണെന്നും ജോണ് ബ്രിട്ടാസ് എം പി രാജ്യസഭയില് പറഞ്ഞു.