തിരുവനന്തപുരം > പ്രശസ്ത ഗൈനക്കോളജിസ്റ്റും നടി മാലാ പാര്വതിയുടെ അമ്മയുമായ ഡോ. കെ ലളിത (85) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയിൽ ഇന്ന് പുലര്ച്ചെയായിരുന്നു അന്ത്യം. അർബുദരോഗത്തിന് ചികിത്സയിൽ ആയിരുന്നു.
1954 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നാലാം ബാച്ചിൽ എംബിബിഎസിനു ചേർന്ന ലളിത നാലാം റാങ്കോടെയാണ് പാസ്സായത്. പിജിക്ക് ഗൈനക്കോളജിക്കാണ് ചേർന്നത്. ആദ്യം സംസ്ഥാന ഹെൽത്ത് സർവ്വീസിലായിരുന്നു. 1964 ലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയത്. എസ്എടി സുപ്രണ്ടും ഗൈനക്കോളജി വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ച് 1992 ൽ വിരമിച്ചു. പിന്നീട് തിരുവനന്തപുരം എസ്യുടിയിൽ ജോലിയിൽ പ്രവേശിച്ചു. ആറു പതിറ്റാണ്ട് പിന്നിട്ട സേവനത്തിനിടയില് ഡോ. കെ ലളിതയുടെ കൈകളിലൂടെ ലോകത്തിലേക്ക് കണ്ണുതുറന്നു നോക്കിയത് ഒരു ലക്ഷത്തോളം കുഞ്ഞുങ്ങൾ, അല്ലെങ്കിൽ നവജാത ശിശുക്കളായിരുന്നു.
വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറിയായിരുന്ന അന്തരിച്ച സി വി ത്രിവിക്രമനാണ് ഭർത്താവ്. ലക്ഷ്മി മനു, എസ് കുമാരൻ, മാല പാർവതി എന്നിവർ മക്കളാണ്. സംസ്കാരം വൈകിട്ട് 5.30 ന് ശാന്തികവാടത്തിൽ.